
സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് പദ്ധതിയിൽ എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ്. പദ്ധതി നടത്തിപ്പിന് ഗുണഭോക്താക്കളിൽ നിന്നും യാതൊരു തുകയും ആശുപത്രി ഈടാക്കുന്നില്ലെന്നും ഹെൽത്ത് ഏജൻസി വ്യക്തമാക്കി. 2022 നവംബർ 1 മുതൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി ആരോഗ്യകിരണം പദ്ധതി നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സേവനം ലഭ്യമായി വരികെയാണ്, പദ്ധതി നിലച്ചുവെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്.
പിന്നാലെ, പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും വ്യാജമാണെന്നും വ്യക്തമാക്കി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രംഗത്തെത്തി. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യം പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങൾക്ക് പുറമെയുള്ള എല്ലാ രോഗങ്ങൾക്കും ആരോഗ്യകിരണത്തിലൂടെയാണ് ചികിത്സ സഹായം ലഭിക്കുന്നത്.
ALSO READ; പടുത്തുയർത്തിയത് ഇടത് സർക്കാരാണ്; കുപ്രചാരണങ്ങൾക്ക് തകർക്കാനാവില്ല: ലോകോത്തരം കേരളത്തിന്‍റെ ആരോഗ്യം
എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെയാണ് ഗുണഭോക്താക്കൾക്ക് സേവനം സൗജന്യമായി നൽകുന്നത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് പദ്ധതിയിലൂടെ എല്ലാ സേവനങ്ങളും തികച്ചും സൗജന്യവുമാണ്. പദ്ധതി നടത്തിപ്പിന് ഗുണഭോക്താക്കളിൽ നിന്നും യാതൊരു തുകയും ആശുപത്രി ഈടാക്കുന്നില്ലെന്നും ഹെൽത്ത് ഏജൻസി വ്യക്തമാക്കി.
മരുന്നുകൾ, പരിശോധനകൾ, ചികിത്സകൾ എന്നിവ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭിക്കും. കൂടാതെ സാങ്കേതിക സമിതിയുടെ അംഗീകാരത്തോടെ ഉയർന്ന ചികിത്സാ ചെലവ് നേരിടുന്ന കരൾ, വൃക്ക, മജ്ജ എന്നിവയുടെ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. മാതാപിതാക്കൾ കേന്ദ്രസംസ്ഥാന സർക്കാർ ജീവനക്കാരോ, ആദായനികുതിദായകരോ ആവരുത് എന്നതാണ് പദ്ധതിയുടെ പ്രധാന മാനദണ്ഡം. അതേസമയം, ഒരു വയസുവരെയുള്ള കുട്ടികൾക്കുള്ള ചികിത്സ ജനനി ശിശുസുരക്ഷ കാര്യക്രമം പദ്ധതിയിലും ലഭ്യമാക്കുന്നുണ്ടെന്നും ഹെൽത്ത് ഏജൻസി വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here