ധനകാര്യ ഫെഡറല്‍ ഘടന പൊളിച്ചെഴുതുന്നതിന് സംസ്ഥാനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം: പ്രൊഫ ജെ ജയരഞ്ജന്‍

ധനകാര്യ ഫെഡറല്‍ ഘടന പൊളിച്ചെഴുതുന്നതിന് സംസ്ഥാനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് തമിഴ്‌നാട് ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ പ്രൊഫ ജെ ജയരഞ്ജന്‍. ‘കോപ്പറേറ്റീവ് ഫെഡറലിസം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികമായ ഫെഡറല്‍ ബന്ധങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ മാറ്റങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ധനകാര്യ വിഭവങ്ങളുടെ പങ്കുവെക്കലിന്റെ കാര്യത്തില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പ്രകടമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുകയാണ്. സാമ്പത്തികമായ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ സംസ്ഥാനങ്ങളുടെ ചെലവുകള്‍ വര്‍ധിച്ചു വരികയാണ്. ഇത് സംസ്ഥാനങ്ങളുടെ പ്രത്യേകിച്ച്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തികമായ നിലനില്‍പ്പിന് ഗുരുതരമായ ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ:ഇസ്രയേലിൽ ഭക്ഷണവിതരണത്തിനിടെ വീണ്ടും വെടിവെയ്പ്പ്; ആശ്വാസവും ഭക്ഷണവുമായി ആദ്യ കപ്പൽ ഗാസ തീരത്ത്

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള പൊതുവായ വേദി ഇന്ന് ഇന്ത്യയിലില്ലെന്നും അദ്ദേഹം വിലയിരുത്തി. മുന്‍കാലങ്ങളില്‍ സാമ്പത്തിക വിഷയങ്ങളില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും നേരിട്ട് സംവദിക്കുന്ന ആസൂത്രണ കമ്മീഷന്‍ പോലുള്ള ശക്തമായ സംവിധാനങ്ങളുണ്ടായിരുന്നു. അതിനുള്ള പുതിയ സംവിധാനമല്ലേ ജി.എസ്.ടി കൗണ്‍സില്‍ എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ അത് കേന്ദ്ര- സംസ്ഥാന വിഷയങ്ങളുടെ സംവേദനത്തിനായുള്ള ഉചിതമായ വേദിയായി മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഗൗരവതരമായ ഒരു പ്രശ്‌നമാണ്. അതുപോലെ സാമ്പത്തിക മേഖലയില്‍ ഇന്ന് നിരവധി റെഗുലേറ്റിംഗ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് വരുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ ഘടനക്ക് വലിയ വെല്ലുവിളിയാണ് ഇത്തരം രീതികള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ട് സാമ്പത്തിക അധികാരങ്ങളുടെ കേന്ദ്രീകരണത്തിനെതിരെ സംസ്ഥാനങ്ങള്‍ ശക്തമായി മുന്നോട്ട് വരണം. കേന്ദ്ര – സംസ്ഥാന ഫെഡറല്‍ ബന്ധങ്ങളുടെ അടിസ്ഥാന ഘടനയില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനായി സംസ്ഥാനങ്ങള്‍ ഒന്നിച്ചു നിന്ന് സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ALSO READ:മലയാളത്തിന് അനശ്വര ഗാനങ്ങളും കവിതകളും സമ്മാനിച്ച മികച്ച എഴുത്തുകാരനാണ് ശ്രീകുമാരന്‍ തമ്പി: മന്ത്രി വി ശിവന്‍കുട്ടി

കേരള ഇക്കണോമിക് അസോസിയേഷന്‍ ( കെഇഎ ), ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ( ഗിഫ്റ്റ് ), കേരള സര്‍വകലാശാലയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഇക്കണോമിക്സ്, സാമ്പത്തിക ശാസ്ത്ര വിഭാഗം എന്നിവ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ സെമിനാറില്‍ പ്രഭാഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here