
ഗാസയിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി സിപിഐ എം പൊളിറ്റ് ബ്യൂറോ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകണം. യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും എതിരെ നിലകൊള്ളണം. ഇസ്രയേലി ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കുകയും വെടിനിർത്തൽ നടപ്പിലാക്കുകയും വേണം.
2025 ഏപ്രിലിൽ മാത്രം ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമ, കര ആക്രമണങ്ങളിൽ 2,037 പലസ്തീനികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 200ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ 7 മുതൽ ആകെ 53,384 പലസ്തീൻകാരാണ് ഗാസയിൽ ഇസ്രയേൽ വംശഹത്യയിൽ കൊല്ലപ്പെട്ടത്. അതിൽ 94 ശതമാനവും സാധാരണക്കാരാണ്. 51 ശതമാനം കുട്ടികളും 16 ശതമാനം സ്ത്രീകളും 8 ശതമാനം വയോധികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മാനുഷിക സഹായമെത്തിക്കുന്ന ട്രക്കുകളുടെ പ്രവേശനം രണ്ട് മാസത്തിലേറെയായി നിഷേധിച്ചതിന് ശേഷം നാമമാത്രമായ സഹായങ്ങൾ മാത്രം ഗാസയിലേക്ക് പ്രവേശിക്കാനാണ് ഇസ്രയേൽ ഇപ്പോൾ അനുവദിച്ചത്. കടുത്ത പട്ടിണിയിലാണ് ഗാസയെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ പിന്തുണയോടെ ഗാസ മുനമ്പ് പൂർണമായി അധീനതയിലാക്കുന്നതിനെപ്പറ്റിയാണ് ഇസ്രയേൽ സംസാരിക്കുന്നത്.
പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം ആവർത്തിക്കുന്നതായും 1967 ന് മുമ്പുള്ള അതിർത്തികളും കിഴക്കൻ ജറുസലേം തലസ്ഥാനവുമായുള്ള ഒരു പലസ്തീൻ രാഷ്ട്രം എന്ന ന്യായമായ ആവശ്യത്തിനൊപ്പം നിൽക്കുന്നതായും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

