ഹിറ്റ്മാന്റെ ഹിറ്റ് കഥ; രോഹിത് ശര്‍മ്മ എന്ന നായകന്‍…

സ്‌നേഹ ബെന്നി

‘ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ തീര്‍ത്തും നിരാശനാണ് ഞാന്‍. എങ്കിലും മുന്നോട്ട് പോകേണ്ടതുണ്ട്.സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതെനിക്കൊരു തിരിച്ചടിയാണ്’. 2011 ലെ ലോകകപ്പില്‍ അവസരം കിട്ടാതായപ്പോള്‍ രോഹിത് ശര്‍മ്മ തന്റെ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.

2023 ല്‍ അതേ രോഹിത് നായകനായ ഇന്ത്യന്‍ ടീം വേള്‍ഡ് കപ്പ് കിരീടം നേടാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നു. മുബൈയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും പരിമിതികളെ മറികടന്ന് ഇന്ത്യന്‍ ടീമിന്റെ ജേഴ്സ് അണിയാന്‍ കഴിഞ്ഞെങ്കില്‍ തനിക്കെതിരെ നിന്നവര്‍ തന്നെ വാഴ്ത്തിപ്പാടുമെന്നുള്ള ആത്മവിശ്വാസം തന്നെയായിരുന്നു രോഹിത് ശര്‍മ്മ പിന്നീട് ഇന്ത്യയുടെ ഹിറ്റ്മാനായി മാറിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും സേവാഗിനും ശേഷം ഇനി ആരെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു രോഹിത് ശര്‍മ്മ എന്ന ചെറുപ്പക്കാരന്‍.

തന്റെ 20ാം വയസില്‍ ഇന്‍ര്‍നാഷ്ണല്‍ ടീമില്‍ കയറിയ രോഹിതിന്റെ കരിയര്‍ കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതായിരുന്നു.പല കളികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു പല സാഹചര്യങ്ങളിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വയക്കാന്‍ സാധിക്കാതെ വന്നപ്പോഴൊക്കെ രോഹിതിന്റെ കാലം കഴിഞ്ഞുവെന്ന് ക്രിക്കറ്റ് ലോകം പറഞ്ഞു. എന്നാല്‍ അവസാനിച്ചുവെന്ന പറഞ്ഞവരെകൊണ്ട് തിരുത്തി പറയിക്കാനും രോഹിതിന് അധികകാലം വേണ്ടി വന്നില്ല. ഇന്ന് ഹിറ്റ്മാന് നിരത്തിവയ്ക്കാന്‍ നിരവധി റെക്കോര്‍ഡുകളുടെ പട്ടികയാണ്ുള്ളത്.

രാജ്യാന്തര ഏകദിനത്തില്‍ പതിനായിരം റണ്‍സ് എന്ന നേട്ടമാണ് ഈക്കഴിഞ്ഞ ഏഷ്യാ കപ്പിലെ ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിനു ശേഷം രോഹിത് നേടിയെടുത്തത്. ഈ നാഴികക്കല്ല് പിന്നിടുന്ന പതിനഞ്ചാമത്തെ താരമാണ് രോഹിത്. ആറാമത്തെ ഇന്ത്യക്കാരനും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി എന്നിവരാണ് രോഹിതിന് മുന്‍പ് ഏകദിനക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. വിരാട് കോലി കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികച്ച ഇന്ത്യന്‍ താരവും രോഹിത്താണ്.

ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ രോഹിത്തിന്റെ പേരിലുണ്ട്. മാത്രമല്ല ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സും ഹിറ്റ്മാന്റെ പേരില്‍ തന്നെയാണ്. വേറൊരു ക്യാപ്റ്റനുമില്ലാത്ത മറ്റൊരു റെക്കോര്‍ഡ് കൂടി രോഹിത് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തോടെ സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 24 മണിക്കൂറിനിടെ 2 മത്സരങ്ങളില്‍ വിജയം നേടുന്ന നായകന്‍ എന്ന ചരിത്രം മറ്റാര്‍ക്കും അവകാശപ്പെടാനില്ല.

2019 ലോകകപ്പില്‍ , ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു പതിപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ ഏക ബാറ്റ്സ്മാനായി ശര്‍മ്മ മാറി. 2019 ഒക്ടോബര്‍ 5 ന്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ, ഓപ്പണിംഗ് ബാറ്റ്‌സ്മാനെന്ന നിലയില്‍ ആദ്യമായി ഒരു മത്സരത്തില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനെന്ന നേട്ടവും രോഹിത് ശര്‍മ്മ സ്വന്തമാക്കി. 2015 – അര്‍ജുന അവാര്‍ഡ് 2020 – മേജര്‍ ധ്യാന് ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് അങ്ങനെ തുടങ്ങി നിരവധി റെക്കോര്‍ഡുകളുടെയും ബഹുമതികളുടെയും ആത്മവിശ്വാസമാണ് രോഹിത് ശര്‍മ്മയെ മുന്നോട്ട് നയിക്കുന്നത്.

ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍, 12 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ലോകകപ്പ് കിരീടം എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവയ്പ്പ് രോഹിത് ശര്‍മ്മയ്ക്കും ഇന്ത്യന്‍ ടീമിനും അത്ര പ്രധാനപ്പെട്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News