അവരുടെ നായകനെ നഷ്ടപ്പെട്ട ആഴങ്ങളിൽ ദക്ഷക്കുവേണ്ടി മൂന്ന് ദിവസം; വേദനയോടെ‌ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകർ

അപകട സ്ഥലങ്ങളിൽ അതിവേഗമെത്തുന്ന ഒരു കൂട്ടമാളുകളുടെ പേരാണ്‌ വയനാട്‌ തുർക്കി ജീവൻ രക്ഷാ സമിതി. ജീവൻ പോലും അപകടത്തിലാവുന്ന സന്ദർഭങ്ങൾ ഉണ്ടാകുമ്പോള്‍ ഇവരെത്താറുണ്ട് രക്ഷകരായി.  അമ്മയും കുഞ്ഞും വെണ്ണിയോട്‌ പുഴയിൽ ചാടിയെന്ന വിവരം ലഭിച്ചപ്പോ‍ഴും രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ ഇവരുണ്ടായിരുന്നു.

എന്നാൽ  പുഴയിലേക്ക്‌ എടുത്തുചാടാൻ ഒരു നിമിഷം പോലും വൈകാൻ പാടില്ലെന്ന് പഠിപ്പിച്ച ഒരാൾ ഇന്ന് അവര്‍ക്കൊപ്പമില്ല. ഇതേ ആ‍ഴങ്ങളിലാണ് അയാളെ അവര്‍ക്ക് നഷ്ടമായത്. എന്നാൽ അൽപം പോലും അവർ പതറിയില്ല.അയാൾ അവർക്ക്‌ നൽകിയ ഊർജ്ജം അത്ര വലുതായിരുന്നു.അയാളുടെ പേര് ഷാൽ പുത്തലൻ എന്നായിരുന്നു. ജീവൻ രക്ഷാ സമിതിയുടെ നായകൻ.

ALSO READ: തൃശൂർ മുള്ളൂർക്കര ആന വേട്ട, പത്തു പ്രതികളെയും തിരിച്ചറിഞ്ഞു

2012 ഓഗസ്റ്റ് 20ന് വെണ്ണിയോട് പുഴയിലുണ്ടായ അപകടത്തിലാണ് നാട്ടുകാര്‍ സ്‌നേഹത്തോടെ ഷാലിക്ക എന്ന് വിളിച്ചിരുന്ന തുര്‍ക്കി ജീവന്‍ രക്ഷാസമിതിയുടെ സെക്രട്ടറിയെ നഷ്ടമായത്. അതിന്‌ തൊട്ടടുത്ത ദിവസം ഇതേ പുഴയില്‍ ഒമ്‌നി വാന്‍ അപകടത്തില്‍ ഒരച്ഛനെയും മകനെയും ആഴങ്ങൾ കവർന്നപ്പോൾ കഠിന ദഃഖത്താൽ ഇതേ ആഴത്തിലേക്ക്‌ കുതിച്ചവരാണിവർ.

ഇപ്പോൾ ദക്ഷയെന്ന കുഞ്ഞുജീവനായി അവർ തിരഞ്ഞു നീന്തിയതും അതേ ആഴങ്ങളിൽ.ഒടുവിൽ നാലാം ദിവസം ആ കുഞ്ഞുമൃതദേഹവും അവർ കരയ്ക്കെത്തിച്ചു. ഒഴുക്കും അപകടങ്ങളും ഒളിപ്പിച്ചുവെക്കുന്ന വെണ്ണിയോട്‌ പുഴയിൽ തീർത്തും അപകടകരമായിരുന്നു ദക്ഷക്കായുള്ള തെരച്ചിലും.

കഴിഞ്ഞ ദിവസം ദർശ്ശനയെന്ന അമ്മ അഞ്ചുവയസ്സുള്ള കുഞ്ഞുമായി പുഴയിലേക്ക്‌ ചാടുകയായിരുന്നു. ദർശ്ശന ആശുപത്രിയിൽ വെച്ച്‌ മരിച്ചു. കുഞ്ഞ്‌ ഒപ്പമുണ്ടായിരുന്നുവെന്ന് അൽപം വൈകിയാണ്‌ അറിഞ്ഞത്‌.എങ്കിലും ഒരിറ്റ്‌ ജീവനോടെ അവളെ രക്ഷിക്കാനായി നാട്ടുകാരും മറ്റ്‌ സന്നദ്ധ സംഘടന പ്രവർത്തകരുമെല്ലാം ശ്രമിച്ചു.

ALSO READ: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി മ​ണ്ണെ​ണ്ണ  നല്‍കുന്നത് പൂർണമായി നിർത്തലാക്കാന്‍ കേന്ദ്രം

കൽപ്പറ്റ ടൗണിലും മറ്റുമായി വിവിധ ജോലികൾ ചെയ്യുന്നവരാണ്‌ ജീവൻ രക്ഷാ സമിതിയുടെ പ്രവർത്തകർ.എന്നാൽ അപകട വാർത്ത കേട്ടാൽ ഒരു നിമിഷം വൈകാതെ അവർ കുതിച്ചെത്തും.ആരുമിറങ്ങാത്ത ആഴങ്ങൾ ഇവർക്ക്‌ മുന്നിൽ വഴങ്ങും.

എന്നാൽ ഷാലിക്ക ഇവരോട്‌ വിടപറഞ്ഞത്‌ ഇതേ പുഴ ഒളിപ്പിച്ചുവെച്ച കെണിയിലായിരുന്നു. ഏതാഴത്തിലും വിദഗ്ധതയോടെ നീന്തുന്ന,പരിചയമുള്ള ഷാലിന്റെ ജീവൻ ഈ പുഴയിൽ നഷ്ടപ്പെട്ടപ്പോൾ ആർക്കും വിശ്വസിക്കാനായിരുന്നില്ല.

1990ല്‍ ബാവ അഹമ്മദ് പ്രസിഡന്റായും ഷാല്‍ പുത്തലന്‍ സെക്രട്ടറിയുമായി രൂപം കൊണ്ട തുര്‍ക്കി ജീവന്‍ രക്ഷാസമിതി,തുര്‍ക്കി എന്ന സ്ഥലത്തെ പുഴയിലാണ്‌ ഒരു കൂട്ടം ധീരന്മാർക്ക്‌ പരിശീലനം നൽകി പോരാളികളാക്കിയത്‌.പിന്നീടിങ്ങോട്ട്‌
അവരായിരുന്നു ഏത്‌ അപകട സ്ഥലത്തും പ്രത്യാശയുടേയും പ്രതീക്ഷയുടേയും പേരായി മാറിയത്‌.

ആഴങ്ങളിൽ കൈനീട്ടി തൊടുന്നത്‌ ജീവൻ നിലച്ച ശരീരങ്ങളെയാണെങ്കിലും ഒരിറ്റ്‌ ജീവനുണ്ടെന്ന ഉറപ്പിൽ അവർ മുകളിലേക്ക്‌ കുതിക്കും. ഷാലിക്കയുടെ അഭാവം ഒരു ശൂന്യതയാണെങ്കിലും ഒരുമയോടെ ഇവരത്‌ സ്നേഹത്താലും കാരുണ്യത്താലും നികത്തുന്നു.അയാൾ നൽകിയ പാഠങ്ങളെ കരുതി വെക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News