
കണ്ണൂര്‍ നഗരത്തില്‍ രണ്ട് ദിവസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 75 പേര്‍ക്ക്. തെരുവുനായകളെ നിയന്ത്രിക്കുന്നതില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ വീഴ്ചയ്‌ക്കെതിരെ കൗണ്‍സില്‍ യോഗത്തിലും പുറത്തും എല്‍ ഡി എഫ് നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. മേയറുടെ ഡയസ്സില്‍ കയറിയായിരുന്നു എല്‍ ഡി എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.
പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിന് എത്തിയത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ യോഗം തടസ്സപ്പെട്ടു. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയാണ് നഗരത്തില്‍ തെരുവുനായ്ക്കള്‍ പെരുകാന്‍ ഇടയാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
രണ്ട് ദിവസങ്ങളിലായി 75 ഓളം പേര്‍ക്കാണ് തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റത്. ഇതില്‍ രണ്ട് വയസ്സുള്ള കുട്ടി ഉള്‍പ്പെടെയുള്ളവരുണ്ട്. തിങ്കളാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് 16 പേര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്. റെയില്‍വേ സ്റ്റേഷന്‍, പുതിയ ബസ്റ്റാൻഡ്, പഴയ സ്റ്റാന്‍ഡ്, കാള്‍ടെക്‌സ് ജംക്ഷന്‍ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം തെരുവ് നായ്ക്കള്‍ കൈയടക്കിയിരിക്കുകയാണ്. അക്രമകാരികളായ തെരുവുനായകള്‍ പെരുകിയതോടെ ഏത് നേരവും കടിയേല്‍ക്കുമെന്ന ഭീതിയിലാണ് നഗരജീവിതം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here