പരീക്ഷയിൽ തോറ്റു, തട്ടിക്കൊണ്ടുപോയെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാർത്ഥിനി നാടുവിട്ടു, ഒടുവിൽ കണ്ടെത്തി

പരീക്ഷയിൽ തോറ്റത് മൂലം വീട്ടുകാരെ അഭിമുഖീകരിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥിനി വീട്ടുകാരെയും പോലീസുകാരെയും ചുറ്റിച്ചത് മണിക്കൂറുകളോളമാണ്. തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാരെ അറിയിച്ചുപറ്റിച്ച ശേഷമാണ് വിദ്യാർത്ഥിനി പേടി മൂലം നാടുവിട്ടത്.

മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കോളേജിലെ വർഷാന്ത്യ പരീക്ഷയുടെ ഫലം വന്നപ്പോൾ വിദ്യാർത്ഥിനി തോറ്റിരുന്നു. എന്നാൽ ഇത് വീട്ടുകാരെ അറിയിക്കാൻ വിദ്യാർത്ഥിനി ഭയപ്പെട്ടു. തുടർന്നാണ് നാടുവിടാൻ തീരുമാനിച്ചത്. ഇതിനായി തന്നെ തട്ടിക്കൊണ്ടുപോയെന്ന് വരുത്തിത്തീർക്കുകയായിരുന്നു വിദ്യാർത്ഥിനി ചെയ്തത്.

നാടുവിടുന്നതിനിടയിൽ വിദ്യാർത്ഥിനി തന്റെ അച്ഛനെ ഫോണിൽ വിളിച്ചതാണ് അന്വേഷണത്തിൽ പൊലീസിന് വഴിത്തിരിവായത്. കോളേജിലെ ഒരു അധ്യാപകൻ തന്നെ അടുത്തുള്ള ജംഗ്ഷനിൽ വിട്ടതായും അവിടെനിന്ന് താൻ ഒരു ഓട്ടോയിൽ കയറിയതായും വിദ്യാർത്ഥിനി അച്ഛനോട് പറഞ്ഞു. തുടർന്ന് ഓട്ടോക്കാരൻ വായിൽ തുണി തിരുകിയെന്നും തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്നും അച്ഛനെ പറഞ്ഞുവിശ്വസിപ്പിച്ചു. തുടർന്ന് അച്ഛൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഈ നുണക്കഥയുടെ കെട്ടഴിക്കുകയായിരുന്നു.

സംഭവസ്ഥലത്തെ സിസിടിവി തെളിവുകളും മറ്റും വെച്ച് അന്വേഷിച്ച പൊലീസ് ഇങ്ങനെയിലൊരു സംഭവം നടന്നിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇൻഡോറിൽ നിന്നും അമ്പത് കിലോമീറ്റർ അപ്പുറത്തുള്ള ഉജ്ജയിൻ നഗരത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പരീക്ഷയിൽ തോറ്റത് വീട്ടുകാർ അറിഞ്ഞാൽ തന്നെ വഴക്ക് പറയുമെന്ന് ഭയന്നാണ് ഇങ്ങനെയിലൊരു പദ്ധതി ആലോചിച്ചതെന്ന് വിദ്യാർത്ഥിനി തുറന്നുസമ്മതിച്ചു. കുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here