അധ്യാപകർക്കെതിരായ പീഡനാരോപണം, ചെന്നൈ കലാക്ഷേത്രയിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നു

പീഡന ആരോപണം നേരിടുന്ന അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈ കലാക്ഷേത്രയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം തുടരുന്നു. പീഡന ആരോപണം നേരിടുന്ന സീനിയർ ഫാക്കൽറ്റി അടക്കം നാലുപേർക്കെതിരെ നടപടി വേണമെന്നാണ് രാപകൽ സമരത്തിൻറെ പ്രധാന ആവശ്യം. 2018 മുതൽ നൂറോളം ലൈംഗിക പരാതികൾ ഉയർന്നിട്ടും മാനേജ്മെൻറ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.

കേന്ദ്രസർക്കാരിൻറെ കീഴിൽ സ്വയംഭരണ അധികാരത്തോടെ പ്രവർത്തിക്കുന്ന ചെന്നൈ കലാക്ഷേത്രയിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുകയാണ്. പഠിപ്പു മുടക്കി രാപകൽ പ്രതിഷേധം ആരംഭിച്ചതിനെ തുടർന്ന് ഏപ്രിൽ ആറു വരെ ക്യാമ്പസ് അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ് മാനേജ്മെൻറ്.

2018 മുതൽ കലാക്ഷേത്രയിലെ സീനിയർ ഫാക്കൽറ്റി ആയ ഹരിപത്മൻ അടക്കം നാലുപേർക്കെതിരെ ലൈംഗിക പീഡന പരാതികൾ ഉയർന്നിട്ടുണ്ട്. നൂറോളം പരാതികൾ ലഭിച്ചിട്ടും ക്യാമ്പസ് മാനേജ്മെൻറ് നടപടി എടുക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. പീഡന ആരോപണം നേരിടുന്ന അധ്യാപകരെ പുറത്താക്കണമെന്നും ഡിപ്പാർട്ട്മെൻറ് തലത്തിലും പൊലീസ് നേരിട്ടും അന്വേഷണം നടത്തി നടപടിയെടുക്കണം എന്നുമാണ് വിദ്യാർഥി പ്രതിഷേധമുയർത്തുന്ന ആവശ്യം. അധ്യാപകർ ഒന്നടങ്കം നടത്തുന്ന സദാചാര ഗുണ്ടായിസത്തിനെതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമാണ്. പീഡന പരാതികളെ മൂടിവെക്കാനുള്ള നീക്കമാണ് മാനേജ്മെൻറ് നടത്തുന്നത് എന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.

കലാക്ഷേത്രയിലെ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് എസ്എഫ്ഐയും ഒപ്പമുണ്ട്. വിദ്യാർത്ഥികളുടെ പരാതി ഉയർന്നു വന്നിട്ടും പീഡനക്കേസ് പ്രതികളായ അധ്യാപകർക്കെതിരെ നടപടിയെടുക്കാത്തത് ശരിയല്ലെന്നും കേന്ദ്രസർക്കാർ പ്രതികൾക്കൊപ്പമാണെന്നും എസ്എഫ്ഐ സൗത്ത് ചെന്നൈ ജില്ലാ സെക്രട്ടറി ഭാരതി കൈരളി ന്യൂസിനോട് പ്രതികരിച്ചു. സമരത്തിന് ഐക്യദാർഢ്യമറിയിച്ചും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയും പൂർവ വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. നീതി ലഭിക്കും വരെ സമരം തുടരുക തന്നെ ചെയ്യും എന്നാണ് വിദ്യാർത്ഥികളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel