പുറംകടലിലെ ലഹരിവേട്ട; പ്രതിയെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു

പുറംകടലിലെ ലഹരിവേട്ടക്കേസില്‍ പ്രതിയായ സുബൈറിനെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിയെ അഞ്ചുദിവസത്തേക്ക് എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടത്. പ്രതിയുടെ പശ്ചാത്തലം, ലഹരിയുടെ ഉറവിടം, ലക്ഷ്യസ്ഥാനം എന്നിവ കണ്ടെത്താന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന എൻസിബിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്.

പുറംകടലിൽ വച്ച് 25000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന പാക്ക് പൗരൻ സുബൈറിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു എന്‍ സി ബിയുടെ ആവശ്യം.എന്നാല്‍ പ്രതിയെ പിടികൂടിയത് എവിടെ നിന്നാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി എന്‍ സി ബിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പ്രതിയെ എവിടെ നിന്ന് പിടികൂടി എന്നതിന് ഈ ഘട്ടത്തിൽ പ്രസക്തിയില്ലെന്നും കുറ്റപത്രം സമർപ്പിക്കുന്ന വേളയിൽ മാത്രം ഈ വിഷയം പരിഗണിച്ചാൽ മതിയെന്നും NCB കോടതിയിൽ ചൂണ്ടിക്കാട്ടി. ലഹരിയെത്തിച്ച ബോട്ടില്‍ ആറുപേര്‍ ഉണ്ടായിരുന്നുവെന്നും അഞ്ചുപേര്‍ രക്ഷപ്പെട്ടതായും എന്‍ സി ബി അറിയിച്ചു. നാവിക സേനയാണ് പുറംകടലില്‍വെച്ച് ബോട്ട് പിടികൂടിയത്.എവിടെനിന്നാണെന്ന് നാവിക സേന വെളിപ്പെടുത്തിയിട്ടില്ല.

പിടിയിലായ പ്രതി പാകിസ്ഥാനിയാണെന്ന് ആദ്യ പറഞ്ഞെങ്കിലും പിന്നീട് ഇറാന്‍ പൗരനാണെന്ന് മാറ്റിപ്പറഞ്ഞു. ഇക്കാര്യം അന്വേഷിക്കണം.ലഹരിയുടെ ഉറവിടം, ലക്ഷ്യസ്ഥാനം എന്നിവ കണ്ടെത്താന്‍ പ്രതിയെ വിശദമായി ചോദ്യംചെയ്യണം. അതിനാല്‍ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും എന്‍ സി ബി ആവശ്യപ്പെട്ടു. വാദം കേട്ട കോടതി പ്രതിയെ ഈ മാസം 27വരെ എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here