
രാജ്യത്തെ ഞെട്ടിച്ച അപകടമായിരുന്നു കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ഉണ്ടായത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തീഗോളമായി മാറിയ എയർ ഇന്ത്യ വിമാനത്തിൽ നിന്നും ഒരാൾ മാത്രമായിരുന്നു രക്ഷപ്പെട്ടത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ. എന്നാൽ അദ്ദേഹത്തിന്റെ കഥ “വ്യാജം” ആണെന്ന് അവകാശപ്പെട്ട് ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി ഒരു പോസ്റ്റ് പങ്കുവച്ചത് വിവാദമായി മാറി. വിശ്വാസ് കള്ളമാണ് പറഞ്ഞതെങ്കിൽ ഗുരുതരമായ ശിക്ഷ അദ്ദേഹം അർഹിക്കുന്നു എന്നതായിരുന്നു സുചിത്രയുടെ പോസ്റ്റ്. എന്നാൽ പരാമർശം വിവാദമായതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് നടി രംഗത്ത് എത്തി.
എയർ ഇന്ത്യ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളെക്കുറിച്ചുള്ള ട്വീറ്റ് താൻ നീക്കം ചെയ്തതായി നടി അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് തോന്നുന്നു. ക്ഷമിക്കണം എന്ന് അവർ കുറിച്ചു. ഒരു സുഹൃത്ത് പങ്കിട്ട വിവരങ്ങൾ താൻ വീണ്ടും പോസ്റ്റ് ചെയ്തതാണെന്നും ആദ്യം അത് സ്ഥിരീകരിക്കാത്തതിൽ ഖേദിക്കുന്നുവെന്നും വ്യക്തമാക്കി.
ജൂൺ 12 ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാസ് കുമാർ രമേശ്. 40 വയസ്സുള്ള അദ്ദേഹം ബ്രിട്ടീഷ് പൗരനാണ്.ബോയിംഗ് 787 ഡ്രീംലൈനറിന്റെ ’11A’ സീറ്റിൽ എമർജൻസി എക്സിറ്റിന് സമീപമായിരുന്നു വിശ്വാസ്. കത്തിനശിച്ച വിമാനത്തിൽ നിന്ന് ചാടിയ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ അദ്ദേഹത്തിന് വൈദ്യചികിത്സയും ലഭിച്ചു.
വിമാനം അപകടത്തിൽപെട്ടപ്പോൾ സീറ്റുൾപ്പെടെ പുറത്തേക്ക് തെറിച്ചുവീണതോടെയാണ് വിശ്വാസ് കുമാറിന് രക്ഷപ്പെടാനായത്. തീഗോളമായി മാറുന്ന വിമാനത്തിനരികിൽ നിന്ന് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടുവരുന്ന വിശ്വാസ് കുമാറിന്‍റെ വിഡിയോകൾ പ്രചരിച്ചിരുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ എന്നിവരുൾപ്പെടെ 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here