വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് സുഡാൻ

വിദേശ പൗരന്മാരെ നാട്ടിലെത്തിക്കാൻ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് സുഡാൻ. സൗദിയും അമേരിക്കയും നടത്തിയ സമവായ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. അറബ്, ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾ പൗരന്മാരെ തിരികെയെത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. സുഡാൻ സംഘർഷം ചർച്ച ചെയ്യാൻ ഇന്ന് യുഎൻ രക്ഷാസമിതിയും യോഗം ചേരും.

സുഡാനിൽ മിലിട്ടറിയും പാരാമിലിട്ടറിയും തമ്മിൽ തുടരുന്ന യുദ്ധം വിദേശ പൗരന്മാരെ നാട്ടിലെത്തിക്കാനായി തൽക്കാലം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആദ്യം പ്രഖ്യാപിക്കപ്പെട്ട മൂന്നു വെടിനിർത്തൽ കരാറുകൾ പരാജയപ്പെട്ടെങ്കിലും പിന്നീടുണ്ടായ മൂന്ന് ദിവസത്തെ ഈദ് വെടിനിർത്തൽ ഭാഗിക വിജയം നേടിയിരുന്നു. പുതിയ 72 മണിക്കൂർ വെടിനിർത്തൽ കൂടുതൽ അറബ്, ഏഷ്യൻ, യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ പ്രേതനഗരമായി മാറിയിട്ടുണ്ട് സുഡാൻ തലസ്ഥാനമായ ഖാർത്തൂം. വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ ദുരന്ത പ്രതികരണ സംവിധാനങ്ങൾ വഴിയാണ് ജനങ്ങൾ ദുരിതകാലം മറികടക്കുന്നത്. യുദ്ധ പരിഹാരത്തിൽ ഇടപെടുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഇന്ന് യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും.

യുദ്ധം നടക്കുന്ന ഖാർത്തൂമിൽ നിന്ന് 850 കിലോമീറ്റർ അകലെ പോർട്ട് സുഡാനിലേക്കും മറ്റ് രാജ്യാന്തര അതിർത്തികളിലേക്കും കടക്കാൻ സ്വകാര്യ ഏജൻസികൾ സുഡാൻ ജനതയിൽ നിന്ന് ആറായിരം ഡോളർ വരെ വാങ്ങിയെടുക്കുന്നുണ്ട് എന്നാണ് വിവരം. തിരികെവരാൻ താല്പര്യമുള്ള അമേരിക്കക്കാർക്ക് വേണ്ടി സംവിധാനം ഉണ്ടാക്കുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ്റെ പ്രതികരണം. എംബസി ഉദ്യോഗസ്ഥരെ തിരികെ നാട്ടിലെത്തിച്ച ബ്രിട്ടനും തങ്ങളുടെ നാലായിരം പൗരന്മാരെ രക്ഷിക്കാൻ സുഡാനിൽ പട്ടാളത്തെ അണിനിരത്തിയിട്ടുണ്ട്.

സുഡാനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നുണ്ടെന്നും 500 പേരെ സുഡാൻ തുറമുഖത്ത് എത്തിക്കാൻ കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കുന്നുണ്ട്. കൂടുതൽ ആളുകളെ പോർട്ട് ഓഫ് സുഡാനിൽ എത്തിച്ച് രക്ഷപ്പെടുത്താനാണ് ഇന്ത്യൻ എംബസിയുടെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel