
നെന്മാറ പോത്തുണ്ടി കൊലപാതകക്കേസിലെ കുറ്റക്കാരൻ ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കൾ.മാതാപിതാക്കളെ കൊന്ന വേദന ചെന്താമര അറിയണമെന്നും അയാളെ പുറത്തിറക്കരുതെന്നും മക്കൾ പറഞ്ഞു. കോടതിവളപ്പിൽ വെച്ചാണ് കൊല്ലപ്പെട്ട ദമ്പതികളുടെ മക്കൾ മാധ്യമങ്ങളോട് സംസാരിച്ചത്. പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് തന്നെ ആപത്താണെന്നും മക്കൾ പറഞ്ഞു. സുധാകരന്റെയും സജിതയുടെയും മക്കൾ സർക്കാർ ജോലി നൽകണമെന്നും ബന്ധു ആവശ്യപ്പെട്ടു.
അതേസമയം, നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക്കേസിലെ കുറ്റക്കാരൻ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ. ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് വിധിച്ചിരുന്നു. തന്നെ തൂക്കി കൊല്ലാൻ വിധിച്ചൊളൂവെന്നാണ് ചെന്താമര കോടതിയിൽ പറഞ്ഞത്. വധശിക്ഷ വരെ ലഭിക്കാവുന്ന തെറ്റാണ് ചെയ്തത് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു മറുപടി.
അന്ധവിശ്വാസത്താൽ ആദ്യം അയൽവാസിയായ സജിതയെയും പീന്നീട് ജാമ്യത്തിലിറങ്ങി അവരുടെ ഭർത്താവിനെയും അമ്മയെയും വെട്ടികൊന്ന കേസിൽ ഏക പ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31നാണ് നാടിനെ നടുക്കി ആദ്യ കൊലപാതകം നടക്കുന്നത്. ഭാര്യ പിണങ്ങി പോകാൻ കാരണം അയൽവാസിയായ സജിതയുടെ കൂടോത്രം ആണെന്ന അന്ധ വിശ്വാസത്താൽ സജിതയെ ചെന്താമര വെട്ടിക്കൊന്നു.കൃത്യത്തിന് ശേഷം ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതിയേ 2019 സെപ്റ്റംബർ രണ്ടിന് പൊലീസ് അറസ്റ്റ് ചെയ്തു.സജിത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27 ന് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടികൊലപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

