
ഇന്ത്യന്‍ വംശജയായ പിറ്റ്സ്ബർഗ് സർവകലാശാല വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കിയെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുദിക്ഷ കൊണങ്കിയുടെ വസ്ത്രങ്ങൾ ഡൊമിനിക്കൻ റിപ്പബ്ലിക് ബീച്ചിൽ നിന്ന് കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. നീന്താൻ പോയപ്പോഴാണ് അവരെ അവസാനമായി കണ്ടതെന്ന് അധികൃതർ കരുതുന്നു. സംഭവത്തിൽ യുവതിയുടെ ഒപ്പം ഉണ്ടായിരുന്ന യുവാവിനെ ചോദ്യംചെയ്തു. മൂന്ന് വ്യത്യസ്ത മൊഴികളാണ് യുവാവ് നൽകിയത്. ഇതോടെ കേസിൽ ദുരൂഹത വർധിക്കുകയാണ്.
ALSO READ: എങ്ങും ചൂടാണെ! വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
24-കാരനായ അയോവയില്‍നിന്നുള്ള ജോഷ്വാ സ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്‌ക്കൊപ്പം അവസാനമായി കണ്ടത്. സുദിക്ഷയുടെ സുഹൃത്തുക്കള്‍ പോയശേഷം സംഭവിച്ചതായി മൂന്ന് വ്യത്യസ്ത മൊഴികളാണ് യുവാവ് നല്‍കിയത്. അതില്‍ ഒന്ന് കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് താന്‍ ഛര്‍ദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അന്വേഷിച്ചിരുന്നതായും യുവാവ് പറഞ്ഞു. മറ്റൊന്നില്‍, തനിക്ക് ക്ഷീണം തോന്നിയെന്നും ബോധംപോവുംമുമ്പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും ഇയാള്‍ മൊഴിനല്‍കി. താന്‍ ലോഞ്ച് ചെയറില്‍ തിരികെ എത്തി ഉറങ്ങുന്നതിന് മുമ്പ് സുദിക്ഷ തീരത്തുകൂടെ നടക്കുന്നതായാണ് കണ്ടതെന്നും മറ്റൊരു മൊഴിയില്‍ പറഞ്ഞു.
കാണാതാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുദിക്ഷയും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചതായും ബീച്ചിലേക്ക് പോയതായും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍, സുദിക്ഷയില്ലാതെയാണ് സുഹൃത്തുക്കള്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യം ഡൊമനിക്കന്‍ ദേശീയ പോലീസിന് ലഭിച്ചിട്ടുണ്ട്. 4.15-ഓടെയാണ് ഇവര്‍ ബീച്ചിലേക്ക് പോയത്. 5.55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല.
കൊണങ്കിയെ കണ്ടെത്താനുള്ള തുടർച്ചയായ ഓപ്പറേഷന്റെ ഭാഗമായി, ബീച്ചുകളിലും വെള്ളത്തിലുമുള്ള തിരച്ചിൽ പ്രദേശത്തിന്റെ പരിധി നിയമപാലകർ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മേധാവികൾ പറഞ്ഞു. അതേസമയം, തട്ടിക്കൊണ്ടുപോകല്‍ സാധ്യതയടക്കം അന്വേഷിക്കണമെന്ന് സുദിക്ഷയുടെ പിതാവ് സുബ്ബറായ്ഡു കൊണങ്കി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

