
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണത്തിൽ മരണം 22 ആയി. 63 പേർക്ക് പരുക്ക്. ഡമാസ്‌കിലുള്ള സെന്റ് ഏലിയാസ് ചർച്ചിലാണ് ചാവേർ ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്നാണ് സിറിയയുടെ ആരോപണം. എന്നാൽ ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആരാധന നടക്കുന്നതിനിടെ തോക്ക് ഉപയോഗിച്ച് ഒരാൾ വെടിയുതിർക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ആക്രമണത്തിൽ രണ്ട് പേർ പങ്കാളികളായിട്ടുണ്ടെന്നും ഒരാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടെന്നും രണ്ടാമനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സിറിയൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പതിമൂന്ന് വർഷത്തെ ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഡിസംബറിൽ വിമത സേന ബഷാർ അൽ-അസദിനെ അട്ടിമറിച്ചതിനുശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here