
ഗൂഗിളിൽ ഇനിയും വ്യാപകമായ കൂട്ടപ്പിരിച്ചിവിടൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി സുന്ദർ പിച്ചൈ. ജനുവരിയിൽ 12000 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനത്തിന് പുറമെയാണ് വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടൽ മുന്നറിയിപ്പ് പിച്ചൈ നൽകിയിരിക്കുന്നത്.
വാൾ സ്ട്രീറ്റ് ജേർണൽ ദിനപത്രത്തോട് സംസാരിക്കവെയാണ് പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്. തീരുമാനം തുറന്നുപറഞ്ഞില്ലെങ്കിലും പരോക്ഷമായി അത്തരത്തിലൊരു തീരുമാനം കമ്പനിയുടെ മുൻപിലുണ്ടെന്ന് പിച്ചൈ വ്യക്തമാക്കുകയായിരുന്നു. അതേസമയം, കമ്പനിയുടെ ചാറ്റ്ബോട്ട് സംവിധാനമായ ബാർഡിനെ ജി-മെയിലുമായും ഗൂഗിൾ ഡോക്‌സുമായും ബന്ധിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയതായും പിച്ചൈ പറഞ്ഞു. ബാർഡുമായി ബന്ധിപ്പിക്കുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഗൂഗിളിനെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയിലും പ്രതിസന്ധി തുടരുകയാണ്. ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ സൗജന്യ സൗകര്യങ്ങൾ മെറ്റ നിർത്തലാക്കിയിരുന്നു. സൗജന്യ ഭക്ഷണം, സ്നാക്കുകൾ, ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയ ഒരുപാട് സൗകര്യങ്ങളാണ് ഒറ്റയടിക്ക് സുക്കർബർഗ് നിർത്തലാക്കിയത്. വലിയൊരു വിഭാഗം ജീവനക്കാർക്കും ഈ സൗകങ്ങൾ ഉപകാരപ്രദമായിരുന്നു. പൊടുന്നനെ ഇവ നിർത്തലാക്കിയതിൽ ജീവനക്കാർ ക്ഷുഭിതരാണ് എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ഈ വെട്ടിക്കുറക്കലിനെതിരെ ജീവനക്കാർ പരാതിയുമായി സുക്കർബർഗിനെ സമീപിച്ചുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here