
പ്രൊഫ. കെ.എൻ പണിക്കരുടെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുനിൽ പി. ഇളയിടം. ബൗദ്ധിക ചരിത്രത്തിലെ ഇതിഹാസം ഡി.ഡി കൊസാംബിക്ക് പിന്നാലെ ഇന്ത്യൻ ചരിത്രരചനാ രംഗത്തിന് പുതിയ ദിശാബോധം നൽകിയ പണ്ഡിതനായിരുന്നു പണിക്കരെന്നാണ് അദ്ദേഹം കുറിച്ചുവെയ്ക്കുന്നത്. കെ.എൻ പണിക്കരെ ആദ്യമായി കണ്ട ദിവസവും അദ്ദേഹത്തിന്റെ ശൈലിയും ഓർമകളുമെല്ലാം തന്റെ കുറിപ്പിൽ പകർത്തുകയാണ് സുനിൽ പി. ഇളയിടം.
കുറിപ്പിന്റെ പൂർണ രൂപം
സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലറുടെ മുറിയിൽ നിന്നും താഴേക്ക് പടിയിറങ്ങി വരുമ്പോഴാണ് പ്രൊഫ കെ.എൻ. പണിക്കരെ
ഞാനാദ്യം കാണുന്നത്.
മാഷ് വൈസ് ചാൻസലറായി ചുമതലയേറ്റ് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു കാണണം. ഞാനതു വരെ മാഷെ നേരിട്ടു കണ്ടിട്ടില്ലായിരുന്നു. പടികൾക്കു താഴെ അരികു ചേർന്നുനിന്നിരുന്ന എന്നെ നോക്കി മാഷ് ചെറുതായൊന്നു പുഞ്ചിരിച്ചു. സാവധാനം നടന്നു ചെന്ന് കാറിൽ കയറി.
ആഴമേറിയ പ്രശാന്തത മാഷിൻ്റെ പ്രവൃത്തികളിലെല്ലാം ഉണ്ടായിരുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. അതിരുകവിഞ്ഞ ക്ഷോഭമോ അളവറ്റ വൈകാരികതയോ മാഷ് ഒരിടത്തും പ്രകടിപ്പിച്ചിട്ടില്ല. അതിനു വകയുള്ള സന്ദർഭങ്ങളിൽ പോലും
മാഷ് ശാന്തമായി കാര്യങ്ങൾ വിശദീകരിക്കുന്നത് പലപ്പോഴും കാണാനിടവന്നിട്ടുണ്ട്. അറിവിൻ്റെ ഗഹനത മാഷിൻ്റെ വ്യക്തിത്വത്തിൻ്റെ ഭാഗമായിരുന്നു. അതു പകരുന്ന സ്വച്ഛതയും.
ഡി.ഡി. കൊസാംബിക്ക് പിന്നാലെ ചരിത്രരചനാ രംഗത്തെത്തിയ സമുന്നതരായ ചരിത്രകാരൻമാർക്കൊപ്പമായിരുന്നു പണിക്കർ മാഷിൻ്റെയും സ്ഥാനം. റൊമിലാ ഥാപ്പർ മുതൽ ഇർഫാൻ ഹബീബ് വരെയുള്ളവർ ആ നിരയിലുണ്ടായിരുന്നു. അവർക്കൊപ്പം പ്രവർത്തിച്ചാണ് ഇന്ത്യാ ചരിത്രവിജ്ഞാനത്തിൽ ബൗദ്ധികചരിത്രം എന്ന ജ്ഞാനമേഖല മാഷ് സ്ഥാപിച്ചെടുത്തത്. ആര്യവൈദ്യശാലയുടെ ചരിത്രത്തിൽ നിന്നും ആധുനികതയുടെ ബലതന്ത്രത്തിലേക്ക് വഴി തുറന്നിട്ടതു പോലുള്ള അനന്യമായ ഇടപെടലുകൾ അങ്ങനെ പിറവിയെടുത്തതായിരുന്നു. സർഗ്ഗാത്മകമഹിമയാലും ബൗദ്ധിക ശ്രേഷ്ഠതയാലും പൂരിതമായ രചനകളായിരുന്നു അവ.
മാർക്സിസ്റ്റ് വിചിന്തനരീതിയെ പിൻപറ്റുമ്പോൾ തന്നെ ഗ്രാംഷിയിൽ നിന്ന് മാഷ് കൂടുതലായി ഊർജജം സ്വീകരിച്ചു. സംസ്കാരം ഉപരിഘടനാപരമായ ഉപ പ്രതിഭാസമല്ലെന്നും, സാമൂഹിക യാഥാർത്ഥ്യത്തിൻ്റെ നിർമ്മിതിയിൽ പങ്കുചേരുന്ന ഭൗതികശക്തിയാണതെന്നും
അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു. ശ്രദ്ധിക്കേണ്ടവർ അക്കാര്യം വേണ്ട പോലെ ശ്രദ്ധിച്ചോ എന്നത് സംശയമാണെങ്കിലും.
സമുന്നതനായ അക്കാദമിക പണ്ഡിതനായിരുന്നപ്പോഴും അക്കാദമികജീവിതത്തിൻ്റെ സുരക്ഷിതമായ അതിർവരമ്പുകൾക്കുള്ളിൽ
മാഷ് സ്വയം തളച്ചിട്ടില്ല. മതനിരപേക്ഷതയ്ക്കായുള്ള സമരമുഖങ്ങളിൽ മാഷ് നിർഭയം നിലയുറപ്പിച്ചു. അതേച്ചൊല്ലി വലിയ അധികാരസ്ഥാനങ്ങളോട് ഏറ്റുമുട്ടി. എത്ര ചെറിയ സദസ്സിനോടും സംസാരിച്ചു. ഫാഷിസം രാജ്യത്തെ വിഴുങ്ങിയേക്കുമെന്ന് വളരെ മുൻപേ തന്നെ മാഷ് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
‘ഇരുൾ വീഴും മുൻപേ’ ( Before the Night Falls) എന്നത് മാഷിൻ്റെ ഒരു പുസ്തകത്തിൻ്റെ പേരു മാത്രമായിരുന്നില്ല!
കാൽ നൂറ്റാണ്ടിനു മുൻപാണ് കാലടി സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലറായി പണിക്കർ മാഷ് ചുമതലയേറ്റത്. ജെ.എൻ.യു.പോലൊരു ലോകോത്തര സ്ഥാപനത്തിൽ നിന്നും സംസ്കൃത സർവകലാശാലയിലേക്കുള്ള മാഷിൻ്റെ വരവ് ഒട്ടൊക്കെ അസാധാരണമായിരുന്നു. അവിടെയെത്തിയതിനു പിന്നാലെ സാമൂഹികവും വൈജ്ഞാനികവുമായ തൻ്റെ ശേഷികളത്രയും മാഷ് സർവകലാശാലയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ക്ലാസുകൾ എടുത്തു. എത്ര ചെറിയ കൂട്ടായ്മകളിലും പങ്കുചേർന്നു. സിലബസ് മുതൽ ലൈബ്രറി വരെ അടിമുടി നവീകരിച്ചു. സംസ്കൃത സർവകലാശാല പിൽക്കാലത്ത് കൈവരിച്ച മികവുകളിലേറിയ പങ്കും ആ കാലത്തിൻ്റെ ഉത്പന്നങ്ങൾ ആയിരുന്നു.
ജനാധിപത്യപരമായ പെരുമാറ്റത്തിൻ്റെയും അകക്കാമ്പുള്ള അക്കാദമിക രാഷ്ട്രീയത്തിൻ്റെയും മാതൃകയായിരുന്നു മാഷ്. സർവകലാശാല ഒന്നാമതായി വിദ്യാർത്ഥികളുടേതാണെന്ന് മാഷ് എപ്പോഴും ഉറപ്പിച്ചു പറഞ്ഞിരുന്നു. കാമ്പസിലെ എത്ര ചെറിയ ശബ്ദത്തിനും അദ്ദേഹം കാതു നൽകി. വിയോജിപ്പുകളെ ഗൗരവപൂർവ്വം പരിഗണിച്ചു. വ്യത്യസ്ത വീക്ഷണങ്ങളോട് മാഷെപ്പോഴും സംവാദസന്നദ്ധനായിരുന്നു. ജനാധിപത്യം അടഞ്ഞ വിധിതീർപ്പല്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു കൊണ്ടേയിരുന്നു.
ബംഗാളി പേരുകളും ഉച്ചാരണവുമായുള്ള പരിചയം കൊണ്ടാവണം,
സുനീൽ എന്ന് ദീർഘമായാണ് മാഷ് എന്നെ വിളിച്ചിരുന്നത്. ആഴ്ചപ്പതിപ്പുകളിൽ വരുന്ന ലേഖനങ്ങൾ വായിച്ച് മാഷ് അഭിപ്രായം പറയുമായിരുന്നു. പലപ്പോഴും കൂടുതലായി ശ്രദ്ധിക്കേണ്ട പുസ്തകങ്ങളെയും ആശയങ്ങളെയും കുറിച്ച് സൂചിപ്പിച്ചു.ചിലപ്പോഴൊക്കെ അത്തരം പുസ്തകങ്ങൾ കൊണ്ടുവന്നു തരുകയും ചെയ്തു. അദൃശ്യമായ വാത്സല്യത്തിൻ്റെ നനവ് അവയിലൂടെ ഒഴുകിക്കൊണ്ടിരുന്നു.
രാവിലെ പതിനൊന്ന് മണി കഴിഞ്ഞാണ് തിരുവനന്തപുരത്ത് എത്തിയത്. ദിനേശനോടൊപ്പം കവടിയാറിലെ നികുഞ്ജം എന്ന ഫ്ലാറ്റിലെത്തി. ധാരാളം പേർ കൂടി നിൽക്കുന്നു.നിറഞ്ഞ കണ്ണുകളോടെ ഷീബ അൽപ്പമകലെ നിൽക്കുന്നുണ്ടായിരുന്നു.
ഫ്ലാറ്റിൻ്റെ നടുത്തളത്തിൽ ചില്ലുപാളികൾക്കുള്ളിൽ മാഷ് ശാന്തനായി കിടക്കുന്നു.
പതിവുപോലെ മുഖം സ്വച്ഛമാണ്…ഞാനാ മുഖത്തേക്കു നോക്കി കുറച്ചുനേരം അടുത്തുനിന്നു. ജീവിതത്തിലെ വലിയ വെളിച്ചങ്ങളിലൊന്ന് വിട വാങ്ങുകയാണ്. എന്തുകൊണ്ടോ മനസ്സ് കൃതജ്ഞതയാൽ നിറഞ്ഞു. ദുഃഖത്താലും…മാഷേ, യാത്ര പറയുന്നില്ല!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

