
ലോകം മുഴുവന്‍ കാത്തിരുന്ന നിമിഷങ്ങള്‍ ആയിരുന്നു അത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട്, അവസാനം ഒന്‍പത് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ കാലുതൊടുന്ന നിമിഷത്തിന് വേണ്ടി കാത്തിരുന്നവരാണ് നാമോരോരുത്തരം.
മെക്സിക്കോ ഉള്‍ക്കടലില്‍ സുരക്ഷിതമായി ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിന് അരികിലേക്ക് സ്പേസ് റിക്കവറി കപ്പല്‍ എത്തിയപ്പോള്‍ സുനിത വില്യംസ് പുറത്തിറങ്ങി. നിറഞ്ഞ പുഞ്ചിരിയോടെ ഓരോ യാത്രികരും പേടകത്തിന് പുറത്തിറങ്ങിയതോടെ ലോകം മുഴുവന്‍ കൈയടികളോടെ അവരെ വരവേറ്റു.
കൈവീശി, പുഞ്ചിരിയോടെയായിരുന്നു സുനിത പേടകത്തിന് പുറത്തിറങ്ങിയത്. നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരും റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമാണ് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തില്‍ മടങ്ങിയെത്തിയത്.
സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ആ പേടകത്തിലാണ് ഇരുവര്‍ക്കും പരിശീലനം ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തിരിച്ചുള്ള യാത്രയിൽ അവർ പേടകത്തിലെ യാത്രക്കാര്‍ മാത്രമായിരുന്നു. അതി നിയന്ത്രിച്ചിരുന്നത് നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവുമായിരുന്നു.
സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസവും, ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി.
ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3:27നാണ് പേടകം കടലിൽ സ്പ്ലാഷ്ഡൗൺ ചെയ്തത്. തുടർന്ന് പേടകത്തെ റിക്കവറി ബോട്ടിലേക്ക് എത്തിച്ചു. പേടകത്തിന് പുറത്തിറങ്ങിയ നാലംഗ സംഘത്തെ നാസയുടെ വിമാനത്തിൽ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെൻ്ററിലെ ക്രൂ ക്വാർട്ടേഴ്സിലേക്ക് എത്തിച്ചു. തുടർന്ന്, നാലംഗ സംഘം നാസയുടെ ഫ്ലൈറ്റ് സർജൻമാരുടെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാകും. ദിവസങ്ങൾ നീണ്ട പരിശോധനകൾക്ക് ശേഷമാകും നാലംഗ സംഘം ഹൂസ്റ്റണിലെ കുടുംബങ്ങളിലേക്ക് മടങ്ങുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here