ഈഡനില്‍ റണ്‍ പ്രളയം; വെടിക്കെട്ടില്‍ പിറന്നത് 433 റണ്‍സ്

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാഡന്‍സില്‍ റണ്‍മഴ. സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സും ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്ത മത്സരത്തില്‍ ആകെ സ്‌കോര്‍ ചെയ്തത് 433 റണ്‍സാണ്. ഇരു ടീമുകള്‍ക്കും 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായി. ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറികളും മത്സരത്തില്‍ പിറന്നു. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി മികവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. 55 പന്തില്‍ 100 റണ്‍സെടുത്ത ബ്രൂക്കിന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയാണ്.

ഹൈദരാബാദ് 13.25 കോടി രൂപ മുടക്കി ടീമിലെത്തിച്ച ബ്രൂക്കിന് ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാനായില്ല. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. പാക്കിസ്താന്‍ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്റെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തലാണ് വന്‍ തുക മുടക്കി ഹൈദരാബാദ് താരത്തെ സ്വന്തമാക്കിയത്. നാലാം മത്സരത്തില്‍ വിമര്‍ശകരുടെ നാവടപ്പിക്കുന്ന പ്രകടനമാണ് ബ്രൂക്ക് നടത്തിയത്. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ ക്രീസില്‍ നിന്ന ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഹൈദരാബാദിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. എയ്ഡന്‍ മാര്‍ക്രം 26 പന്തില്‍ 50 റണ്‍സും അഭിഷേക് ശര്‍മ 17 പന്തില്‍ 32 റണ്‍സും എടുത്ത് ബ്രൂക്കിന് മികച്ച പിന്തുണ നല്‍കി. കൊല്‍ക്കത്തക്കായി ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്ക് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. മാര്‍ക്കോ ജാന്‍സണ്‍, മായങ്ക് മാര്‍ക്കണ്ഠ എന്നിവര്‍ ഹൈദരാബാദിനായി രണ്ട് വിക്കറ്റുകളും ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി. 45 പന്തില്‍ 75 റണ്‍സ് നേടിയ നീതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here