“പരമാധികാരം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്, ഗവര്‍ണര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്”: കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീംകോടതി വിധികള്‍

ദില്ലി: രാജ്യത്ത് ഇന്ന് നിര്‍ണായകമായ രണ്ട് സുപ്രീംകോടതി വിധികളാണ് വന്നിരിക്കുന്നത്. ഒന്ന് ദില്ലിയിലെ അധികാരത്തര്‍ക്കത്തിലും മറ്റൊന്ന് മഹാരാഷ്ട്രയിലെ ശിവസേന തര്‍ക്കത്തിലും. രണ്ട് വ്യത്യസ്ഥമായ കേസുകളിലായി വന്ന ഇരു വിധികളിലും  ഗവര്‍ണര്‍മാരുടെ അധികാരത്തെയും  സംസ്ഥാനങ്ങളില്‍ അവരുടെ ഇടപെടലുകളെയും  സംബന്ധിച്ച് പരാമര്‍ശങ്ങളുണ്ട്.

ദില്ലിയുടെ  ഭരണ നിർവഹണത്തിനുള്ള അധികാരം  തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണോ അതോ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായ ലഫ്റ്റ്നന്റ് ഗവർണര്‍ക്കാണോ എന്നതാണ് ഒരു കേസ്. വർഷങ്ങളായി തുടരുന്ന തർക്കത്തില്‍ അന്തിമ വിധി ഇങ്ങനെയാണ്-

ഭരണ നിർവഹണം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണ്.  നിയമനങ്ങള്‍ നടത്താനുള്ള അധികാരം ജനാധിപത്യ സര്‍ക്കാരിനാണ്. മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുക എന്നത് ഗവര്‍ണറുടെ ബാധ്യതയാണ്. സര്‍ക്കാരിന് ജനങ്ങളോടുള്ള കടമ നിറവേറ്റേണ്ടതുണ്ട്. ദില്ലി സര്‍ക്കാരിന് പൊലീസ്, ആഭ്യന്തരം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും കോടതി വിധിച്ചു.

മഹാരാഷ്ട്ര ശിവസേന തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിയില്‍ ഗവര്‍ണറെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ ഈ വിധത്തിലാണ്-

മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ക്ക് തെറ്റ് പറ്റി. ഭരണഘടന അനുവദിക്കാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചിരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഗവര്‍ണര്‍ ഇടപെടാന്‍ പാടില്ല. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ഭരണഘടനാപരമല്ല. മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടിന് നിര്‍ദേശം നല്‍കാനുള്ള ഒരു വസ്തുതകളും ഗവര്‍ണറുടെ പക്കല്‍ ഉണ്ടായിരുന്നില്ലെങ്കിലും ഗവര്‍ണര്‍ അതിന് തുനിഞ്ഞു. ഗവര്‍ണറുടെ നടപടി ഭരണഘടനപരമായി തെറ്റായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.

ദില്ലി മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലെ ഗവര്‍ണറുടെ ഇടപെടലുകള്‍ സംബന്ധിച്ചുള്ളവയാണ് ഈ വിധികളെങ്കിലും  ഇവ വര്‍ത്തമാനകാലത്ത് രാജ്യവ്യാപകമായി ഏറെ പ്രസക്തമാണ്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനവിധി  അട്ടിമറിക്കുന്നതിന് വേണ്ടി ഗവര്‍ണര്‍മാരുടെ പദവിയെ ഉപയോഗപ്പെടുത്തിയതായി നിരവധി ആക്ഷേപങ്ങളുണ്ട്.

കര്‍ണാടക, മഹാരാഷ്ട്ര, ഗോവ മധ്യപ്രദേശ്  തുടങ്ങിയ  സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനു വേണ്ടി ബിജെപി നടത്തിയ ഓപ്പറേഷന്‍ താമര ഇപ്പോ‍ഴും വലിയ വിവാദമായി തുടരുകയാണ്. ഈ സംസ്ഥാനങ്ങളില്‍ അവിടുത്തെ  ഗവര്‍ണര്‍മാരുടെ ഇടപെടലുകളെ കുറിച്ചും വിമര്‍ശനങ്ങളുണ്ട്.

കേരള തമി‍ഴ്നാട്  തുടങ്ങിയ സംസ്ഥാനങ്ങളുടെ  ഭരണഘടനാപരമായ അധികാരങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന തരത്തിലാണ് ഗവര്‍ണര്‍മാരുടെ ഇടപെടലുകളെന്ന പരാതിയും വ്യാപകമാണ്. അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും അവിടുത്തെ ഭരണപക്ഷ പാര്‍ട്ടികളും ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിട്ടുമുണ്ട്. കേരളത്തിലും തമി‍ഴ്നാട്ടിലും ഒരുഘട്ടത്തില്‍ ഇത് ഭരണഘടനാപരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യങ്ങളിലേക്കു പോലും കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.  ഈ അന്തരീക്ഷത്തിലാണ്  ഒരേ ദിവസം വന്ന രണ്ട് വിധികള്‍ ഗവര്‍ണര്‍മാരുടെ ഇത്തരം ഇടപെടലുകള്‍ക്ക്  കൂച്ചു വിലങ്ങിടാന്‍ സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നത്.

കേരളമടക്കമുള്ള ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ വിധികള്‍  വലിയ ആശ്വാസമാണ്. മെയ് 13 ന് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ എക്സിറ്റ് പോള്‍ കോണ്‍ഗ്രസിന് അനുകൂലമായി വന്ന സാഹചര്യത്തില്‍  ബിജെപിയുടെ കുതന്ത്രങ്ങള്‍ക്ക് സുപ്രീംകോടതിയുടെ  ഈ വിധികള്‍  തിരിച്ചടിയാകുമെന്നും നിരീക്ഷണങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News