
എൻസിഇആർടി പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ കർശന നിലപാടുമായി സുപ്രീംകോടതി രംഗത്തെത്തിയിരിക്കുകയാണ്. എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന പാഠഭാഗം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട്, അത് തയ്യാറാക്കിയ സമിതി അംഗങ്ങൾക്കെതിരെയാണ് കോടതിയുടെ നടപടി. പാഠഭാഗം തയ്യാറാക്കിയ പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെ കരിക്കുലം സമിതിയിൽ നിന്ന് അടിയന്തരമായി പുറത്താക്കാൻ കോടതി നിർദേശിച്ചു. ഇവർക്ക് പാഠ്യപദ്ധതി തയ്യാറാക്കുന്നതിൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിൽ ഇത്തരം സമിതികളിൽ പ്രവർത്തിക്കാൻ ഇവർ അർഹരല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഇവരെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും മാറ്റിനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. കേസിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ എൻസിഇആർടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. ഒരു വിദഗ്ധ സമിതി രൂപീകരിച്ച് കരിക്കുലം പരിശോധിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി.
പാഠഭാഗങ്ങൾ പുനഃപരിശോധിക്കാൻ എൻസിഇആർടിയോട് ആവശ്യപ്പെടുന്നതിന് പകരം, കേന്ദ്ര സർക്കാർ തന്നെ നേരിട്ടൊരു വിദഗ്ധ സമിതിയെ നിയമിക്കുകയാണെങ്കിൽ അത് അഭിനന്ദനാർഹമായ തീരുമാനമായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം ഗുരുതരമായ വീഴ്ചകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശക്തമായ ഇടപെടൽ വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




