
സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതികളില്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസെടുക്കരുതെന്ന് സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ എടുത്ത ഒന്നിലധികം എഫ്ഐആറുകള്‍ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.
ALSO READ: സിപിഐഎമ്മിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ട; വി ഡി സതീശന് മറുപടിയുമായി പ്രകാശ് കാരാട്ട്
സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിഹാറിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഇടപടെല്‍. വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവ ഏകീകരിക്കണമെന്നും ഉദയനിധി സ്റ്റാലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇനി കോടതി അനുമതിയില്ലാതെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയെ ബെഞ്ച് ഉത്തരവിട്ടത്.
ALSO READ: രാജസ്ഥാനിൽ കുഞ്ഞിനെ പൊലീസ് ചവിട്ടി കൊന്നിട്ടും മിണ്ടാത്ത കോൺഗ്രസ് നിലപാട് അപലപനീയം: ഐഎൻഎൽ
പരാമര്‍ശത്തിനെതിരെ കീഴ് ക്കോടതികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കിയ ഇടക്കാല ഉത്തരവും സുപ്രീംകോടതി നീട്ടി. 2023 സെപ്റ്റംബറിലാണ് സനാതന ധര്‍മവുമായി ബന്ധപ്പെട്ട് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശം വിവാദമായത്. സനാതന ധര്‍മ്മത്തെ മലേറിയ, ഡെങ്കി പോലുളള പകര്‍ച്ചവ്യാധിയോട് ഉപമിച്ച ഉദയനിധി സ്റ്റാലിന്‍ ഇവ തുടച്ചുനീക്കണമെന്നും ആഹ്വാനം ചെയ്തു. പിന്നാലെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഉദയനിധി മതവിദ്വേഷം നടത്തിയെന്നാരോപിച്ച് രംഗത്തെത്തുകയും കൂട്ടത്തോടെ പരാതികള്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഏതെങ്കിലും മതത്തെ ലക്ഷ്യം വച്ചുളള പരാമര്‍ശമല്ലെന്നും, സമൂഹത്തിലെ ജാതി വിവേചനങ്ങളും അനീതികളും തുടച്ചുനീക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രസംഗം എന്നുമാണ് ഉദയനിധി സുപ്രീംകോടതിയില്‍ വാദിച്ചത്. കേസുകള്‍ തമിഴ്നാട്ടിലേക്കോ, കര്‍ണാടകയിലേക്കോ മാറ്റണമെന്ന ആവശ്യവും ഉദയനിധി മുന്നോട്ടുവച്ചിട്ടുണ്ട്. കേസില്‍ ഏപ്രില്‍ 28ന് സുപ്രീംകോടതിയില്‍ വാദം ആരംഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

