തമി‍‍ഴ്‌നാട് ഗവര്‍ണര്‍ ഈ മൂന്നുവര്‍ഷവും എന്ത് ചെയ്തു? സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

തമി‍‍ഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്നതിനാലാണ് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചത്. ഗവര്‍ണര്‍ക്കെതിരേ തമി‍‍ഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ വിമര്‍ശനം.

2020 മുതല്‍ ബില്ലുകള്‍ ഒപ്പിടാതെ വെച്ചിരിക്കുകയാണെന്നും എന്താണ് ഗവര്‍ണര്‍ ഈ മൂന്നുവര്‍ഷവും ചെയ്തതെന്നും കോടതി ചോദിച്ചു. കോടതി നോട്ടീസ് അയച്ചതിന് ശേഷമാണ് ഗവര്‍ണര്‍ ബില്ലുകളില്‍ ചിലത് മടക്കിയതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

Also Read : ലോകകപ്പിന് മുകളില്‍ കാല് കയറ്റിവച്ച് മിച്ചല്‍ മാര്‍ഷ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കഴിഞ്ഞ മൂന്നുവര്‍ഷമായി പരിഗണനയില്‍ ഇരുന്ന ബില്ലുകളാണ് ഇപ്പോള്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതിയുടെ ഇടപെടലിന് ശേഷമാണ് ഇത്തരത്തിലൊരു നടപടി തമിഴ്നാട് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

ഗവര്‍ണറുടെ പരിഗണനയിലുള്ള ബില്ലുകളില്‍ ചിലതില്‍ അദ്ദേഹം തീരുമാനമെടുത്തെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവ തിരിച്ചയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഗവര്‍ണര്‍ക്കെതിരേ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചത്.

Also Read : നവകേരള സദസ്; പാലക്കാട്‌ യുഡിഎഫ് പ്രമുഖർ പങ്കെടുക്കും: എ കെ ബാലൻ

ഗവര്‍ണര്‍ എന്ന പദവിയിലിരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം, നിയമസഭ പാസാക്കുന്ന എല്ലാ ബില്ലുകളും സാങ്കേതികാര്‍ഥത്തില്‍ ഒപ്പുവെക്കാനുള്ള കടമയല്ല ഉള്ളതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വാദം ഉന്നയിച്ചു.

എല്ലാ വശങ്ങളും നോക്കിയ ശേഷമേ അദ്ദേഹത്തിന് ബില്ലില്‍ ഒപ്പിടാന്‍ സാധിക്കൂവെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ക്കെതിരേ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് ഡിസംബര്‍ ഒന്നിലേക്ക് കോടതി കേസ് മാറ്റുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here