മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേയില്ല; രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; അയോഗ്യത തുടരും

മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ കോടതി തള്ളി. വിധി സ്‌റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി വിധിച്ചു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. സൂറത്ത് സെഷന്‍സ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും.

സൂറത്ത് സിജെഎം കോടതിയുടെ വിധി റദാക്കുകയോ, സ്റ്റേ ചെയ്യുകയോ വേണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചത്. രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ കോടതി കഴിഞ്ഞ പതിമൂന്നിന് വിശദമായ വാദം കേട്ടിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട വാദത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയാന്‍ കൂട്ടാക്കിയില്ല. രാഹുല്‍ ഗാന്ധി അഹങ്കാരിയാണെന്നും സ്‌റ്റേ നല്‍കരുതെന്നും പരാതിക്കാരനും ബിജെപി എംഎല്‍എയുമായ പൂര്‍ണേശ് മോദിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗം സൂറത്ത് കോടതിയുടെ പരിഗണനയില്‍ എങ്ങനെ വരുമെന്നും അനീതി നേരിട്ടു എന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനും വാദിച്ചു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പൂര്‍ണേശ് മോദി സമയം തേടിയെങ്കിലും അത് തള്ളിയാണ് ജഡ്ജി റോബിന്‍ മൊഗ്രെ അപേക്ഷ ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്.

എല്ലാ കള്ളന്മാര്‍ക്കും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമര്‍ശം. രാഹുല്‍ അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, സമുദായത്തെയാകെയാണ് എന്ന തരത്തിലാണ് ബിജെപി രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. തുടര്‍ന്ന് ശക്തമായ പ്രതിരോധവുമായി കോണ്‍ഗ്രസും എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here