വിഭാഗീയത;വയനാട്ടിൽ മുസ്ലിം ലീഗ്‌ ജില്ലാ നേതാവുൾപ്പടെ രണ്ട്‌ പേർക്കെതിരെ നടപടി

വയനാട് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ യഹ്യാഖാൻ തലക്കലിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി. ജില്ലാ പ്രവർത്തക സമിതിയുടെ വാട്സാപ്പ്‌ ഗ്രൂപ്പിൽ സാദിഖലി ശിഹാബ്‌ തങ്ങൾക്കെതിരെ പരാമർശം നടത്തിയ സംഭവത്തിലാണ്‌ നടപടി.

അന്വേഷണ വിധേയമായാണ്‌ നടപടിയെന്ന് ലീഗ്‌ സംസ്ഥാന നേതൃത്വം അറിയിച്ചു. പാർട്ടി തീരുമാനം സംബന്ധിച്ച്‌ കൂടുതൽ അറിയില്ലെന്നും തന്റെ ഭാഗത്ത്‌ തെറ്റുണ്ടായിട്ടില്ലെന്നും യഹ്യാഖാൻ പ്രതികരിച്ചു. ജില്ലയിലെ കെ.എം ഷാജി വിഭാഗത്തിലെ പ്രധാനിയായ യഹ്യാഖാനെതിരെ ഇതിന്‌ മുൻപും ലീഗ്‌ നടപടിയെടുത്തിട്ടുണ്ട്‌. സമസ്ത പ്രസിഡന്റിനെതിരെ നടത്തിയ പരാമർശ്ശത്തിലും മുല്ലപ്പള്ളി രാമചന്ദ്രൻ വയനാട്ടിൽ മത്സരിക്കാൻ ശ്രമിച്ചപ്പോൾ വാർത്താ സമ്മേളനം നടത്തിയ സംഭവത്തിലുമായിരുന്നു അച്ചടക്ക നടപടി.

നിലവിലെ നടപടിക്ക്‌ പിന്നിൽ സാദിഖലി ശിഹാബ്‌ തങ്ങൾ ഗ്രൂപ്പിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു എന്ന വിമർശ്ശനത്തിലാണ്‌. ഔദ്യോഗിക വാട്സാപ്പ്‌ ഗ്രൂപ്പിൽ നടന്ന ചർച്ചയിലുണ്ടായ പരമാർശ്ശങ്ങൾ ഒരു വിഭാഗം ചോർത്തി പരാതി നൽകുകയായിരുന്നു. അതേസമയം നടപടി ലീഗിൽ തുടരുന്ന ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്‌.

യഹ്യാഖാനെതിരെയുള്ള നടപടിക്ക്‌ പുറമേ പാര്‍ട്ടിയേയും നേതാക്കളെയും സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ തവിഞ്ഞാല്‍ പഞ്ചായത്ത് മുസ്ലീം ലീഗ് ജോയിന്റ് സെക്രട്ടറി അബ്ദുല്‍ സലാം ഫൈസിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here