
ആത്മവിശ്വാസത്തോടും അന്തസ്സോടും കൂടി ജീവിക്കാൻ തീരുമാനിച്ച ഒരു കൂട്ടം സ്ത്രീകളുടെ ജീവിതകഥയാണ് സ്വാഭിമാൻ എന്ന് ഡോ. പ്രീതി അദാനി. ‘സ്വാഭിമാൻ’ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 4,500 സ്ത്രീകളുടെ കഠിനാധ്വാനത്തിന്റ്യും ധൈര്യത്തിന്റേയും വിജയത്തിന്റേയും ആഘോഷമാണിതെന്നും ഡോ. പ്രീതി പറഞ്ഞു. സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കാൻ ധൈര്യം കാണിച്ച ധാരാവിയിലെ കഠിനാധ്വാനികളായ സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നുവെന്നും അവർ പറഞ്ഞു.
ഇന്നത്തെ ഈ നേട്ടം സത്യത്തിൽ നമ്മുടെയെല്ലാം വിജയമാണെന്ന് പ്രീതി അദാനി വ്യക്തമാക്കി. ഈ സഹോദരിമാർക്ക് നൈപുണ്യ വികസനം, സാമ്പത്തിക-ഡിജിറ്റൽ സാക്ഷരത എന്നിവ നൽകി അവരെ വിപണിയുമായി ബന്ധിപ്പിക്കുന്നതിൽ അദാനി ഫൗണ്ടേഷൻ സഹകരിച്ചു. വർഷങ്ങളായി സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുന്നതിൽ മാവിം നിർണ്ണായക പങ്കുവഹിച്ചു. ഓരോ ഘട്ടത്തിലും മുംബൈ മെട്രോ കോർറേഷൻ ഞങ്ങളുടെ ശ്രമങ്ങൾക്ക് കരുത്ത് പകർന്നുവെന്നും അവർ പറഞ്ഞു.

എന്നിരുന്നാലും, കഴിവുള്ള ലക്ഷക്കണക്കിന് സ്ത്രീകൾ ഇന്നും മുഖ്യധാരയ്ക്ക് പുറത്താണ്. അവർക്ക് കഴിവില്ലാത്തതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്, മറിച്ച് അവർക്ക് അവസരങ്ങളും ആത്മവിശ്വാസവും കൃത്യമായ സംവിധാനങ്ങളുടെ പിന്തുണയും ലഭിക്കാത്തതുകൊണ്ടാണ്. സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് ശക്തമായ അടിത്തറ പാകാൻ കഴിയൂ എന്ന ചിന്തയാണ് ‘സ്വാഭിമാൻ’ മുന്നോട്ട് വെക്കുന്നതെന്നും പ്രീതി അദാനി പറഞ്ഞു.
ചരിത്രം നമ്മെ ഒരു കാര്യം പഠിപ്പിക്കുന്നു, സ്ത്രീകൾക്കായി നയങ്ങൾ എഴുതുന്നത് കൊണ്ട് മാത്രം സമൂഹം മാറില്ല, മറിച്ച് സ്ത്രീകൾ സ്വയം മുന്നോട്ട് വരാൻ തുടങ്ങുമ്പോഴാണ് മാറ്റം സംഭവിക്കുന്നതെന്നും പ്രീതി അദാനി ചൂണ്ടിക്കാട്ടി. പത്തൊൻപതാം നൂറ്റാണ്ടിൽ ഭാരതത്തിലെ ആദ്യ വനിതാ അധ്യാപികയായ സാവിത്രിഭായ് ഫുലെ പെൺകുട്ടികളെ പഠിപ്പിക്കാൻ പോയപ്പോൾ, അവർക്ക് നേരെ ആക്രമണമുണ്ടായി. പക്ഷേ അവർ തോറ്റുകൊടുക്കാൻ തയ്യാറായില്ല. ഒരു പെൺകുട്ടിയെ പഠിപ്പിക്കുന്നത് മുഴുവൻ സമൂഹത്തേയും മാറ്റുന്നതിന്റെ തുടക്കമാണെന്ന് അവർ വിശ്വസിച്ചു.

സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യയിലെ സ്ത്രീ സാക്ഷരതാ നിരക്ക് ഏകദേശം 8 ശതമാനമായിരുന്നു. ഇന്ന് അത് 75 ശതമാനത്തിലധികമായി ഉയർന്നു. ഈ മാറ്റം ഒറ്റ ദിവസംകൊണ്ട് ഉണ്ടായതല്ല. ലക്ഷക്കണക്കിന് സ്ത്രീകൾ നിശബ്ദമായി തങ്ങളുടെ പരിമിതികളെ മറികടന്നതുകൊണ്ടാണ് ഇത് സാധ്യമായത്. പലപ്പോഴും അവർക്ക് ഒരു അംഗീകാരവും പിന്തുണയും ലഭിച്ചില്ല, എങ്കിലും അവർ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയി. എന്നിരുന്നാലും ഈ യാത്ര ഇന്നും അപൂർണ്ണമാണ്. നമ്മൾ ഇതുവരെ പിന്നിട്ട വഴിയേക്കാൾ പ്രധാനമാണ് ഇനി മുന്നിലുള്ളതെന്നും പ്രീതി അദാനി പറഞ്ഞു.
സ്ത്രീകൾ എങ്ങനെ ചെറിയ ബിസിനസ്സുകൾ ആരംഭിച്ചുവെന്നും, മുൻപ് ചിന്തിക്കാൻ പോലും കഴിയാത്ത നൈപുണ്യങ്ങൾ അവർ എങ്ങനെ നേടിയെടുത്തു എന്നുമുള്ള കഥകൾ നമ്മൾ കേട്ടു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണ് ഇന്ന് ഇന്ത്യ. ഇൻഫ്രാസ്ട്രക്ചറും സാങ്കേതികവിദ്യയും ഇൻഡസ്ട്രിയും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സ്ത്രീകൾ ശാക്തീകരിക്കപ്പെടുമ്പോൾ അത് സമൂഹത്തിൽ ഒരു ‘മൾട്ടിപ്ലയർ ഇഫക്ട്’ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നുവെന്നും പ്രീതി അദാനി ചൂണ്ടിക്കാട്ടി.

പരിമിതമായ സാഹചര്യങ്ങളിൽ വന്ന് അവിശ്വസനീയമായ സ്വപ്നങ്ങൾ കാണുന്ന മുംബൈ നഗരത്തേക്കാൾ നന്നായി ഈ മാറ്റത്തെ മറ്റാരും മനസ്സിലാക്കില്ല. അദാനി ഫൗണ്ടേഷൻ ഈ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനാണ് പരിശ്രമിക്കുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ പിന്തുണയ്ക്ക് താൻ നന്ദി പറയുന്നതായും അവർ വിശദീകരിച്ചു.
സ്വാഭിമാനിലെ സഹോദരിമാരെ കാണുമ്പോൾ അവരുടെ വലിയ ആഗ്രഹങ്ങൾ എന്നെ പ്രചോദിപ്പിക്കാറുണ്ട്. സ്വന്തം സംരംഭങ്ങളെ എങ്ങനെ വളർത്താം, ഉൽപ്പന്നങ്ങൾക്ക് എങ്ങനെ ശരിയായ വില കണ്ടെത്താം, ലോണുകൾ എങ്ങനെ കൃത്യമായി തിരിച്ചടയ്ക്കാം എന്നതിനെക്കുറിച്ചെല്ലാം അവർ ചിന്തിക്കുന്നു. അവരുടെ ഈ സംസാരം സത്യത്തിൽ ഒരു മികച്ച ഭാവിയെക്കുറിച്ചുള്ളതാണെന്നും പ്രീതി അദാനി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

