
കാപ്പ കേസ് പ്രതിയും തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലറുമായ സുഗതൻ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി നിർദ്ദേശപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. അതേസമയം, സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ എൽഡിഎഫ് ഇന്ന് പ്രതിഷേധം ശക്തമാക്കും.
കഴിഞ്ഞ മാസമാണ് വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് ജയിലിൽ കഴിയുന്നതിനിടെയാണ് 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ലംഘനം ചൂണ്ടിക്കാട്ടി പുനർ സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.ബാക്കിയുള്ള 19 കൗൺസിലർമാരും കോടതി നിർദ്ദേശപ്രകാരം പുനർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ സുഗതൻ ജയിലിലായതിനാൽ ഇതിന് സാധിച്ചിരുന്നില്ല. തുടർന്ന് സുഗതൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ കോടതി അനുകൂല ഉത്തരവ് നൽകിയത്. കാപ്പ കേസ് പ്രതിയായതിനാൽ ജയിലിന് പുറത്തുവിടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഈ നടപടിക്ക് അനുമതി നൽകിയത്. ഇതേത്തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
അതേസമയം കാപ്പ കേസ് പ്രതിയായ സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എൽഡിഎഫ്. തിരുവനന്തപുരത്തെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ഇന്നും എൽഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. നിലവിലെ മുൻസിപ്പൽ ആക്ട് പ്രകാരം, ഇന്ന് സത്യപ്രതിജ്ഞ ചെയ്താലും തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ സുഗതൻ അയോഗ്യനാക്കപ്പെടും. ഇതിനോടകം രണ്ട് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത സുഗതന്, അടുത്ത യോഗത്തിൽ കൂടി പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്വാഭാവികമായും കൗൺസിലർ സ്ഥാനം നഷ്ടമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

