മരിക്കുന്നതിന് മുൻപ് ലെന നേരിട്ടത് ക്രൂര പീഡനം; സ്വിസ്സ് വനിതയുടെ കൊലപാതകത്തിൽ മനുഷ്യക്കടത്ത് ബന്ധം സംശയിച്ച് പൊലീസ്

ദില്ലിയിലെ സ്വിസ്സ് വനിതയുടെ കൊലപാതകത്തിൽ മനുഷ്യക്കടത്ത് ബന്ധം സംശയിച്ച് പൊലീസ്. സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി ഗുര്‍പ്രീത് സിങ്ങിന് മനുഷ്യക്കടത്ത് റാക്കറ്റുകളുമായും ബന്ധമുണ്ടോയെന്നാണ് പോലീസിന്റെ സംശയം. ഇതുസംബന്ധിച്ച അന്വേഷണം നടത്തിവരികയാണ്.

സ്വിസർലൻഡ് സ്വദേശിനിയായ ലെന ബെർജറിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡല്‍ഹി തിലക് നഗറില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പ്രതി ഗുർപ്രീത് സിങ്ങിനെ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തിയിരുന്നു. തനിക്ക് ലെനയെ സ്വിസർലണ്ടിൽ വെച്ച് നേരത്തെ തന്നെ പരിചയമുണ്ടെന്നും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും ഗുർപ്രീത് സിങ് പറഞ്ഞു. എന്നാൽ ലെനയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് ഗുർപ്രീത് സിങ്ങിന്റെ മൊഴി. ഇതിനായി ലെനയെ മനഃപൂർവ്വം ഇന്ത്യയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

Also Read; കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവ്; റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാം

എന്നാൽ പ്രതിയുടെ കാറിൽ നിന്നും കണക്കിൽപ്പെടാത്ത രണ്ടേകാൽ കോടിയോളം രൂപ കണ്ടെടുത്തിരുന്നു. ഇതോടൊപ്പം തന്നെ നാല് തോക്കുകളും അമ്പതോളം വെടിയുണ്ടകളും കണ്ടെടുത്തു. മറ്റ് പല വിദേശവനിതകളുമായും ഇയാൾക്ക് ബന്ധമുള്ളതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതിക്ക് പുറമേ 12-ഓളം വിദേശവനിതകളുമായി ഗുര്‍പ്രീതിന് ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തന്റെയും പിതാവിന്റെയും രത്ന ബിസിനസുമായി ബന്ധപ്പെട്ടാണ് വിദേശ ബന്ധങ്ങളുള്ളതെന്നാണ് ഗുർപ്രീത് നൽകിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Also Read; ബന്ധുവിന്റെ ക്രൂരതയിൽ വീട് നഷ്ടപ്പെട്ട് പെരുവഴിയിലായി ലീല; തണലൊരുക്കാൻ സിപിഐഎം

കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിൽ ഒട്ടേറെ മുറിവുകൾ ഉണ്ടായിരുന്നു. പൊള്ളലേറ്റ പാടുകളും മുറിവുകളുമാണുണ്ടായിരുന്നത്. കൊല്ലപ്പെടുന്നതിന് മുൻപ് യുവതി ക്രൂരമായ ആക്രമണത്തിനിരയായി എന്നതിലേക്കാണ് ഈ മുറിവുകൾ വിരൽ ചൂണ്ടുന്നത്. മനുഷ്യക്കടത്ത് സംഘം ആളുകളെ ഉപദ്രവിക്കുന്നതിനു സമാനമായ രീതിയിലാണ് ലെനയും ഉപദ്രവിക്കപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതെ സമയം പ്രതി ഗുർപ്രീത് സിങ്ങിന്റെ കാറിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തതോടെ ഡല്‍ഹി പോലീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും വിവരം കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here