
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഉടൻ ചേരണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങൾ വി സിയെ കണ്ടു. വിസിയുടെ ചുമതലയുള്ള സിസ തോമസിനെ നേരിൽ കണ്ടാണ് കത്ത് നൽകിയത്. ഇടതുപക്ഷ – കോൺഗ്രസ് അംഗങ്ങളാണ് വിസിയെ കണ്ടത്. രജിസ്ട്രാറുടെ സസ്പെൻഷൻ വിഷയത്തിൽ സർവകലാശാലയിൽ അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേരണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. സസ്പെൻഷൻ വിഷയത്തിൽ ഹൈക്കോടതിയിൽ സർവകലാശാലയുടെ സത്യവാങ്മൂലം നൽകുമ്പോൾ, അത് സിൻഡിക്കേറ്റ് തീരുമാനം ആയിരിക്കണമെന്നും കത്തിൽ അറിയിച്ചു.
കേരള സർവകലാശാല ആസ്ഥാനത്ത് ആർഎസ്എസ് ഭാരതാംബ ചിത്രം ഉപയോഗിച്ച് നടന്ന പരിപാടി സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന്, നിയമനടപടി സ്വീകരിച്ച രജിസ്ട്രാർക്കെതിരെ വൈസ് ചാൻസലർ ഗവർണർക്ക് റിപ്പോർട്ട് നൽകിയതിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രജിസ്ട്രാറെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ അത് അനുവദിക്കില്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
ആർ എസ് എസ് ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റിയിരുന്നു. സിന്‍ഡിക്കറ്റ് തീരുമാനമില്ലാതെ, തന്നെ സസ്‌പെന്‍ഡ് ചെയ്ത വിസിയുടെ നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here