
ടി എൻ പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകൻ രംഗത്ത്. ടി എൻ പ്രതാപന്റെ ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നതാണ് നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് വി എ ഫിറോസിന്റെ വാക്കുകൾ. വാടാനപ്പിള്ളിയിലെ കിറ്റ് വിതരണം ടി.എൻ പ്രതാപൻ്റെ നാടകമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ടി എൻ പ്രതാപൻ കോടികളുടെ ഇടപെടൽ നടത്തിയെന്നാണ് ഗുരുതര ആരോപണം. മണല്ലൂർ മണ്ഡലം കേന്ദ്രീകരിച്ച് തൃശൂരിൽ സുരേഷ് ഗോപിക്ക് വോട്ട് പിടിക്കാൻ പ്രതാപൻ കോടികൾ ചെലവാക്കിയതായി കോൺഗ്രസ് പ്രവർത്തകൻ ആരോപിച്ചു. ഇതിനായി 8 കോടിയാണ് ടി എൻ പ്രതാപൻ ചെലവാക്കിയത്. ബിജെപിയിൽ നിന്നാണ് കോടികൾ കൈപ്പറ്റിയതെന്നും വി എ ഫിറോസ് പറഞ്ഞു. പണം കൈമാറുന്നത് താൻ കണ്ണുകൊണ്ട് കണ്ട കാര്യമാണെന്നും ഫിറോസ് പറഞ്ഞു.
ALSO READ: ബിജെപി പണം ഒഴുക്കി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നു, കേന്ദ്രമന്ത്രിമാർ തുടർച്ചയായി കേരളത്തിലേക്ക് എത്തുന്നത് പണം ഒഴുക്കാനെന്ന് സംശയം : കെ വി അബ്ദുൾ ഖാദർ
ടി എൻ പ്രതാപന് ബിജെപിയുമായി വലിയ ബന്ധമാണെന്നും ഈ തെരഞ്ഞെടുപ്പിൽ ടി എൻ പ്രതാപൻ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ബിജെപിയുടെ പണമാണെന്നും അദ്ദേഹം ആരോപിച്ചു. കെ സി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയാണ് പ്രതാപൻ സ്ഥാനാർഥിത്വം നേടിയെടുത്തതെന്ന ഗുരുതര ആരോപണവും കോൺഗ്രസ് പ്രവർത്തകൻ ഉയർത്തി. എഐസിസി പ്രഖ്യാപിക്കും മുൻപേ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടി എൻ പ്രതാപൻ രാവിലെ കോൺഗ്രസും രാത്രി ബിജെപിക്കാരനുമാണെന്ന് ഫിറോസ് ആരോപിച്ചു. ടി എൻ പ്രതാപന്റെ പ്രവർത്തനവും പറച്ചിലും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും പലയിടങ്ങളിലും അദ്ദേഹത്തിന് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും പല സാമ്പത്തിക ഇടപാടുകളും ഉണ്ടെന്നും പറഞ്ഞു. പ്രതാപന്റെ സഹോദരന്റെ മകന്റെ പേരിലാണ് ഇടപാടുകൾ അത്രയും നടക്കുന്നതെന്നും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് വി എ ഫിറോസ് ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

