
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരാനുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും വിജയിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. സർക്കാർ വിഭാവനം ചെയ്ത പരിപാടികൾ വിജയിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 14 ജില്ലകളിലും ജില്ല കേന്ദ്രീകരിച്ച് ബഹുജന റാലികൾ സംഘടിപ്പിക്കും. കാസർഗോഡ് നിന്ന് ഏപ്രിൽ 21ന് ആരംഭിച്ച് മെയ് 23 ന് തിരുവനന്തപുരത്ത് സമാപിക്കും. എല്ലാ റാലികളിലും മുഖ്യമന്ത്രി പങ്കെടുക്കും.
സമ്പൂർണ്ണ കേരള ശുചിത്വം ഏപ്രിൽ അഞ്ചിന് സംസ്ഥാനതല പ്രഖ്യാപനം നടക്കുകയാണ്. നേരത്തെ തന്നെ എൽഡിഎഫ് ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. മാർച്ച് അവസാനത്തോടെ വാർഡ് തല ശുചീകരണം പൂർത്തിയാക്കും.
എൽഡിഎഫ് സർക്കാർ തുടർച്ചയായി എത്തുമെന്ന് ഉറപ്പായപ്പോൾ സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരായ നീക്കങ്ങളിൽ എൽഡിഎഫ് ഒറ്റക്കെട്ടായി പ്രതിരോധിക്കും. ഇതിനായി ജനങ്ങൾക്കിടയിൽ പ്രചാരണ പ്രവർത്തനം നടത്തും.
എൽഡിഎഫും എൽഡിഎഫ് സർക്കാരും ആശമാർക്കൊപ്പമാണ്. തൊഴിലാളികൾക്ക് ബാധകമായ ഒരു നിയമവും ഇവർക്ക് ബാധകമല്ല. ഇവരെ തൊഴിലാളികളായി പരിഗണിക്കണം എന്നതാണ് എൽഡിഎഫ് നിലപാട്. കേന്ദ്രമാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. കേന്ദ്രത്തിൽ നിന്നും വർദ്ധനവ് നേടിയെടുക്കാൻ സർക്കാർ തുടരണം എന്നതാണ് എൽഡിഎഫ് നിലപാട്. അത് സർക്കാർ ചെയ്തുവരുന്നുണ്ട്. കേന്ദ്രസർക്കാർ വർദ്ധനവ് നടപ്പാക്കിയാൽ സംസ്ഥാനവും ആനുപാതികമായി വർധിപ്പിക്കും. ഇപ്പോൾ നൽകുന്ന ഓണറേറിയത്തിൽ കേന്ദ്രം നൽകേണ്ട വിഹിതം അവർ നൽകുന്നില്ല. അതും സംസ്ഥാന സർക്കാരാണ് നൽകുന്നത്
ആശമാർ ഒരിക്കലും ശത്രുക്കളല്ല. അവരെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകും. എന്നാൽ ഈ സമരത്തോട് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അത് രാഷ്ട്രീയപരമായി മറ്റോരു തരത്തിലേക്ക് കൊണ്ടു പോകുന്നു. മന്ത്രി നേരിട്ട് വിളിച്ച് വരെ സംസാരിച്ചിരുന്നല്ലോ. സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല എന്നായിരുന്നല്ലോ പരാതി. വീണാ ജോർജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്.
അംഗനവാടി ജീവനക്കാരുടെ സമരംഎല്ലാ ട്രേഡ് യൂണിയനുകളുമായി വിളിച്ച് സർക്കാർ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ധാരണയായതിന് പിന്നാലെ അടുത്ത ദിവസമാണ് സമരം പ്രഖ്യാപിച്ചത്. ഇതിനു പിന്നിൽ രാഷ്ട്രീയമാണ്. കേന്ദ്രമന്ത്രി പാർലമെൻറിനെ തെറ്റിദ്ധരിപ്പിച്ചു. എല്ലാം സഹായിച്ചു എന്നാണ്, അത് ശരിയാണോ ? സമരത്തിൽ പങ്കെടുക്കുന്ന ആശാവർക്കർമാരോട് അംഗൻവാടി ജീവനകാരോടും ഒരു വിയോജിപ്പും ഇല്ല. സമരത്തെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാം എന്നതാണ് പ്രതിപക്ഷ നീക്കമെങ്കിൽ അത് ഫലവത്താകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here