Tagore: ടാഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 81 വയസ്

മഹാകവി രബീന്ദ്രനാഥ് ടഗോറിന്റെ(Rabindranath Tagore) ഓര്‍മകള്‍ക്ക് ഇന്ന് എണ്‍പത്തൊന്ന് വയസ്. ദേശീയഗാന ശില്‍പി, ജീവിച്ച കാലഘട്ടത്തിലെ മഹാപ്രതിഭകളുമായി ഇന്ത്യയുടെ ആത്മാവിനെ ചേര്‍ത്തുവച്ച സഞ്ചാരി എന്നിങ്ങനെ പല വിശേഷണങ്ങള്‍ ചേര്‍ന്നതാണ് ടാഗോര്‍ എന്ന വിശ്വസാഹിത്യകാരന്‍. 1941 ഓഗസ്റ്റ് ഏഴിനാണ് ഗാന്ധിജിയുടെ ‘ഗുരുദേവന്‍’ എഴുത്തിന്റെ ലോകത്തുനിന്ന് യാത്രയായത്.

ബ്രഹ്മ സമാജം നേതാവായിരുന്ന ദേബേന്ദ്രനാഥ ടഗോറിന്റെ പതിനാലാമത്തെ മകനാണ് രബീന്ദ്രനാഥ് ടാഗോര്‍. ആദ്യകൃതി, ‘സന്ധ്യാസംഗീതം’ പ്രസിദ്ധീകരിക്കുമ്പോള്‍ വയസ്സ് 17 മാത്രം. പഠനശേഷം അച്ഛന്റെ വഴിയില്‍ ബ്രഹ്മസമാജത്തിലേക്കെത്തി. 1901 മുതല്‍ ബദല്‍ പഠനത്തിന്റെ ഉദാത്ത മാതൃക ലോകത്തെ അറിയിച്ച ശാന്തി നികേതനില്‍. 1908ലെ ബംഗാള്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷനായി ചരിത്രത്തിലാദ്യമായി ബംഗാളിയില്‍ പ്രസംഗം. 1912ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ടഗോര്‍ പാടി അവതരിപ്പിച്ച് ജനതയ്ക്ക് നല്‍കിയതാണ് ‘ജനഗണമന’.

ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്ന സ്ഥാനമാനങ്ങളെ ഉപേക്ഷിച്ചു. ഇനി സര്‍ എന്നു വിളിക്കരുതെന്നു കത്തെഴുതി. കോണ്‍ഗ്രസിലെ ഗാന്ധിയന്‍ ധാരയിലായിരുന്നു എന്നും ടഗോര്‍. ഗാന്ധിജിയെ ആദ്യമായി മഹാത്മ എന്ന് സംബോധന ചെയ്തത് ടാഗോറാണ്. ഗാന്ധിജി ടാഗോറിനെ വിശേഷിപ്പിച്ചത് ഗുരുദേവ് എന്നും.

അഞ്ചു ഭൂഖണ്ഡങ്ങള്‍. മുപ്പതിലേറെ രാജ്യങ്ങള്‍. ഈ മഹായാത്രകളിലൂടെ ഇന്ത്യന്‍ സാഹിത്യവും സംസ്‌കാരവും ലോകത്തെ പരിചയപ്പെടുത്തുക കൂടിയായിരുന്നു ടഗോര്‍. മൂവായിരത്തോളം കവിതകളടങ്ങിയ കവിതാസമാഹാരങ്ങള്‍, രണ്ടായിരത്തിലേറെ ഗാനങ്ങള്‍, നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖനസമാഹാരങ്ങള്‍. സംഗീതാത്മകമായിരുന്നു ആ ജീവിതം. ഇന്ത്യയുടെ സംസ്‌കാരം പ്രതിഫലിക്കുന്നതുമായിരുന്നു ആ രചനകളെല്ലാം. 1913ല്‍ ടാഗോറിന് നൊബേല്‍ ലഭിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സാഹിത്യത്തിനുള്ള നൊബേല്‍ ആദ്യമായി എത്തുന്നതും ടഗോറിലൂടെയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here