
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ പട്യാല ഹൌസ് കോടതിയിൽ എത്തിച്ചു. കനത്ത സുരക്ഷയോടെയാണ് റാണയെ കോടതിയിലേക്ക് എത്തിച്ചത്. എൻഐഎ അഭിഭാഷകരടക്കം കോടതിയിലെത്തിയിട്ടുണ്ട്. ദില്ലി ലീഗൽ സർവീസ് സൊസൈറ്റിയിലെ അഭിഭാഷകൻ പിയൂഷ് സച്ചിദേവയാണ് റാണയ്ക്ക് വേണ്ടി ഹാജരാകുന്നത്. കോടതി പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
തഹാവൂർ ഹുസൈൻ റാണയുടെ കൈമാറ്റത്തിനെതിരായ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയതിനെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയിലെത്തിച്ചത്. ദില്ലി വിമാനത്താവളത്തിൽ വെച്ച് എൻഐഎ ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. റാണയ്‌ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മുൻപ് കേസെടുത്തിട്ടുണ്ട്.
പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി എന്ന ദാവൂദ് ഗിലാനിയുടെ അടുത്ത അനുയായിയുമാണ് തഹാവൂർ റാണ. ഭീകരാക്രമണത്തിന് റാണ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് ഡേവിഡ് കോള്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.
2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതിയെന്ന് ഇന്ത്യ സംശയിക്കുന്ന ആളാണ് തഹാവൂര്‍ റാണ. ഛത്രപതി ശിവാജി ടെര്‍മിനസ്, താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങിയ മുംബൈയിലെ പ്രമുഖ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് 10 ലഷ്‌കര്‍-ഇ-തൊയ്ബയിലെ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത 10 ഭീകരരില്‍ അജ്മല്‍ കസബിനെ മാത്രമേ ജീവനോടെ പിടികൂടാന്‍ സാധിച്ചിരുന്നുള്ളു. 2012 നവംബര്‍ 21ന് കസബിനെ തൂക്കിലേറ്റിയിരുന്നു..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here