
‘ഒരു കടലാസുമായും ഇനി ഒരാളുടെ മുന്‍പിലും ഓച്ഛാനിച്ചുനില്‍ക്കേണ്ട എന്ന സംതൃപ്തിയോടെയാണ് ഞാന്‍ തിരിച്ചുപോകുന്നത്’- മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്ക് അദാലത്തിലെത്തിൽ തൻ്റെ പ്രശ്നത്തിന് പരിഹാരം കണ്ട പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ മുഹമ്മദ് മുബഷീറിന്റെ വാക്കുകളാണിത്. പഞ്ചായത്ത് റോഡും പഞ്ചായത്ത് കുളവും സ്വകാര്യ വ്യക്തി കയ്യേറി എന്നതായിരുന്നു മുബഷീറിന്റെ പരാതി. പരാതി കേട്ടയുടനെ തന്നെ മന്ത്രി മുഹമ്മദ് റിയാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. വിശദമായി തന്നെ പരാതി പരിശോധിച്ചു.
‘സര്‍വേ നടത്തിയോ ഇല്ലയോ.?’ മന്ത്രി ചോദിച്ചു. സര്‍വേ നടത്താന്‍ പോയി എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
‘സര്‍വേ നടത്താന്‍ പോയിട്ട് ചായ കുടിച്ച് പിരിഞ്ഞോ എന്നതല്ല പ്രശ്‌നം.’
‘എന്ന് സര്‍വേ നടത്താന്‍ പറ്റും.?’
‘ജനുവരി 6-നകം സര്‍വേ നടത്തണം.’ സ്ഥലം സംബന്ധിച്ച് സര്‍വേ നടത്താന്‍ ഉടനടി തന്നെ മന്ത്രി റിയാസ് തീരുമാനവുമാക്കി.
‘ഏതെങ്കിലും പ്രമാണിയാണെന്ന് കരുതി തോന്നിയപോലെ പോകാന്‍ പറ്റില്ല. ഇദ്ദേഹം പറഞ്ഞത് ശരിയാണെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമാണ്. അത് അനീതിയാണ്. അതൊന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല.’- മന്ത്രി പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലില്‍ വളരെയധികം സംതൃപ്തിയോടെയാണ് മുഹമ്മദ് മുബഷീര്‍ തിരികെ പോയത്. ‘സര്‍ക്കാര്‍ കൂടെയുണ്ട് എന്നറിയിച്ചിട്ടുണ്ട്. അതില്‍ വലിയ സന്തോഷമായിട്ടുണ്ട്. അദാലത്തില്‍ പങ്കെടുത്തതില്‍ ഞാനിന്ന് സംതൃപ്തനാണ്. ഒരു കടലാസുമായിട്ട് ഒരാളുടെ മുന്നിലും ഇനിയെനിക്ക് ഓച്ഛാനിച്ച് നില്‍ക്കേണ്ടതില്ല എന്നുള്ള വലിയൊരു സംതൃപ്തിയോടെയാണ് ഇന്ന് അദാലത്തില്‍ നിന്നും ഞാന്‍ പിരിഞ്ഞുപോകുന്നത്.’ മുബഷീര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

