
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു തമിഴക വെട്രി കഴകം (ടി.വി.കെ) പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഡി.എം.കെ സഖ്യത്തില്‍ തുടരുമെന്നു വ്യക്തമാക്കിയ സി.പി.ഐ.എമ്മിനു നന്ദി പറഞ്ഞു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സഖ്യം വിട്ടതിനു കോണ്‍ഗ്രസിനെ സ്റ്റാലിന്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം.
ഒറ്റദിവസം കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഡി.എം.കെയുമായുള്ള ബന്ധം വിട്ടത്. അതേസമയം കമ്മ്യൂണിസ്റ്റ് നേതാക്കളായ ഷണ്‍മുഖം, വീരപാണ്ട്യന്‍, തിരുമാവളവന്‍ എന്നിവര്‍ തമിഴ്‌നാടിന്റെ ക്ഷേമത്തിനായി ഡി.എം.കെയുമായി ചേര്‍ന്ന് തുടര്‍ന്നും പോരാടുമെന്ന് പ്രഖ്യാപിച്ചു. ദ്രാവിഡ വികസനത്തിലുള്ള അവരുടെ വിശ്വാസത്തെയാണ് ഇത് കാണിക്കുന്നതെന്നും സ്റ്റാലിന്‍ പോസ്റ്റില്‍ പറഞ്ഞു.
ഡി.എം.കെ സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ടി.വി.കെയ്ക്ക് ഒപ്പം ചേരുകയായിരുന്നു. ഇതോടെയാണ് സ്റ്റാലിന്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം മന്ത്രിസഭയില്‍ അംഗമാവില്ലെന്നും ഡി.എം.കെയുമായി തുടരുമെന്നുമാണ് ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കിയത്. ഇതോടെയാണ് സി.പി.ഐ.എമ്മിനു നന്ദി പറഞ്ഞു സ്റ്റാലിന്‍ എത്തിയത്.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഗണ്യമായ വോട്ടുകള്‍ ലഭിച്ചതായി സ്റ്റാലിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുമ്പ് വ്യക്തമാക്കിയ പോലെ പുതിയ സര്‍ക്കാരിന്റെ രൂപീകരണം തടസപ്പെടുത്തില്ല. പകരം ശക്തമായ പ്രതിപക്ഷമായി തുടരുമെന്നും സ്റ്റാലിന്‍ പോസ്റ്റില്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു അഞ്ചും സി.പി.ഐ.എം, സി.പി.ഐ എന്നിവര്‍ക്ക് രണ്ടു വീതവും സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍, ടി.വി.കെയ്ക്ക് ഭൂരിപക്ഷമില്ലാതെ വന്നതോടെ കോണ്‍ഗ്രസ് ഡി.എം.കെ സഖ്യം വിട്ട് ടി.വി.കെയ്ക്ക് ഒപ്പം ചേരുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

