
ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയുടെ തല അധ്യാപകൻ അടിച്ചുപൊട്ടിച്ചു. തമിഴ്‌നാട്ടിലെ വിഴുപുരത്താണ് സംഭവം. വിഴുപുരം വ. വി അഗരം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് മുളവടി കൊണ്ട് അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. കല്ലിക്കുളം വില്ലേജിലെ മുരുകൻ സുധ ദമ്പതികളുടെ മകൻ സാധുസുന്ദറിനോടാണ് അധ്യാപകന്റെ ക്രൂരത. മാർച്ച് 14 നാണ് സംഭവം.
കുട്ടികൾ തമ്മിലുണ്ടായ വഴക്ക് ചോദ്യം ചെയ്യാനെത്തിയ കായികാധ്യാപകൻ സെങ്കണി കുട്ടിയുടെ തലയോട്ടി അടിച്ചുപൊട്ടിച്ചത്. കുട്ടിയുടെ തലയിലെ ഞരമ്പുകൾക്ക് മർദനത്തിൽ ക്ഷതമേറ്റിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടും വിദ്യാർഥിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
Also Read: നാലാം തവണയും നീറ്റിൽ തോൽക്കുമെന്ന് ഭയം; 21-കാരി ജീവനൊടുക്കി
സംഭവം വിദ്യാഭ്യാസ വകുപ്പിനെയോ എസ്‌സി എസ്ടി കമീഷനെയോ അറിയിക്കാതെ 14 ദിവസം മൂടിവച്ചു. പുതുച്ചേരി ജിപ്മർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് വിദ്യാർഥിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഫ്ഐആറിൽ തലയ്ക്കടിയേറ്റ വിവരം ഒഴിവാക്കിയെന്നും രക്ഷിതാക്കൾ പറഞ്ഞു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ വേൽമുരുകനാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പുറംലോകത്തേക്ക് എത്തിച്ചത്. വിദ്യാഭ്യാസ വകുപ്പിനും എസ്‌സി–-എസ്ടി കമീഷനും പരാതി നൽകിയെന്നും നീതി ലഭിക്കാൻ പ്രതിഷേധം നടത്തുമെന്നും സിപിഐ എം വിഴുപുരം ജില്ലാ സെക്രട്ടറി എൻ സുബ്രഹ്മണി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here