
ഇന്നത്തെ കാലത്ത് ഓഫീസിൽ ഇരുന്നുളള ജോലികളേക്കാൾ കൂടുതൽ ആളുകൾ താല്പര്യം കാണിക്കുന്നത് വർക്ക് ഫ്രം ഹോമുകൾക്ക് തന്നെ ആണ്. അതുകൊണ്ട് തന്നെ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും മൊബൈൽ ഫോണിനെ പോലെ തന്നെ ഇപ്പോൾ പലരും ലാപ്ടോപ്പുകളും കൊണ്ട് നടക്കാറുണ്ട്. പലപ്പോഴും സൗകര്യത്തിനായി ഫോൺ അതിൽ കണക്ട് ചെയ്ത് ചാർജ് ചെയ്യാറുണ്ട്. എന്നാൽ ഈ ചെയ്യുന്നത് നിങ്ങളുടെ ഫോണിനും അതുപോലെ തന്നെ ലാപ്‌ടോപ്പിനും അത്ര നല്ലതല്ല.
വാൾ സോക്കറ്റിലെ ചാർജറുകൾ നൽകുന്ന അത്രയും പവർ ലാപ്‌ടോപ്പിലെ യുഎസ്ബി (USB) പോർട്ടുകൾക്ക് നൽകാൻ സാധിക്കില്ല. സാധാരണ ചാർജറുകൾ 15W മുതൽ 100W വരെ പവർ നൽകുമ്പോൾ, ലാപ്പിലെ USB 2.0 പോർട്ടുകൾ വെറും 2.5W മാത്രമാണ് നൽകുന്നത്. ഇത് ഫോണിന്റെ ചാർജിംഗ് വളരെ സാവധാനത്തിലാക്കുന്നു. കുറഞ്ഞ വോൾട്ടേജിൽ ഇത്തരത്തിൽ കൂടുതൽ സമയം ചാർജ് ചെയ്യുന്നത് ഫോൺ ബാറ്ററി അമിതമായി ചൂടാകാൻ (Overheating) വഴിയൊരുക്കുന്നു. ഇത് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും.
ALSO READ: ആപ്പിൾ ഇനി ഹൈദരാബാദിലും? പുതിയ സ്റ്റോറിനായുള്ള കരിയർ ലിസ്റ്റിംഗുകൾ ആരംഭിച്ച് കമ്പനി
ലാപ്‌ടോപ്പ് പ്ലഗ് ഇൻ ചെയ്യാതെയാണ് അത് ഉപയോഗിക്കുന്നതെങ്കിൽ, ഫോൺ ചാർജ് ചെയ്യുന്നത് ലാപ്പിന്റെ ബാറ്ററി വളരെ വേഗത്തിൽ തീരാൻ കാരണമാകും. ഇങ്ങനെ ചെയ്യുന്നത് ലാപ്പിന്റെ മദർബോർഡിന് മേൽ അനാവശ്യമായ സമ്മർദ്ദം ചെലുത്തുന്നു. ഇതൊന്നും അല്ലാതെ വലിയ ഒരു പ്രശ്നം ഉണ്ട്. പരിചയമില്ലാത്ത ലാപ്‌ടോപ്പുകളിലോ പബ്ലിക് കമ്പ്യൂട്ടറുകളിലോ ആണ് ഫോൺ ചാർജ് ചെയ്യുന്നത് എങ്കിൽ ഇത് ഡാറ്റ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കൂട്ടും. ചാർജിംഗ് കേബിൾ വഴി ഡാറ്റ കൈമാറ്റം ചെയ്യാൻ സാധിക്കുമല്ലോ, അതുകൊണ്ട് ഇത് സുരക്ഷിതമല്ല.
ഇത്തരം പ്രശ്ങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ലാപ്‌ടോപ്പ് ഉപയോഗിച്ച് ചാർജ് ചെയ്യുക. ചാർജ് ചെയ്യുമ്പോൾ ഫോണിൽ വലിയ ഗെയിമുകളോ ആപ്പുകളോ പ്രവർത്തിപ്പിക്കാതെ ഇരിക്കുക. ഇനി ചാർജ് ചെയ്തേ തീരൂ എന്ന അവസ്ഥയാണെങ്കിൽ ചാർജിംഗ് വേഗത കൂട്ടാൻ ഫോൺ ‘Airplane Mode’-ൽ ഇടുന്നത് ആണ് നല്ലത്. എന്തൊക്കെ മുൻകരുതൽ എടുത്താലും ഇതിലൊന്നും നൂറു ശതമാനം വിശ്വസിക്കാൻ കഴിയില്ലലോ. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

