
നിങ്ങള്‍ ഉപയോഗിക്കാത്ത വെബ്സൈറ്റുകളില്‍ നിന്ന് നിരന്തരമായി നോട്ടിഫിക്കേഷൻ വരുന്നതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇനി നിങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. ഉപയോക്താക്കള്‍ ഇടപെടാത്ത വെബ്‌സൈറ്റുകളിൽ നിന്നുള്ള ബ്രൗസർ നോട്ടിഫിക്കേഷനുകൾ സ്വയമേ നിർജ്ജീവമാക്കുന്ന സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ ക്രോം. അനാവശ്യമായ പോപ്പ്-അപ്പുകളും അലർട്ടുകളും കുറച്ച് ബ്രൗസിംഗ് തടസ്സപ്പെടാതെ മികച്ച അനുഭവം ലഭിക്കാനുമാണ് ഈ മാറ്റം കൊണ്ട് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ആൻഡ്രോയ്ഡിനും ഡെസ്ക്ടോപ്പിനുമുള്ള ക്രോം പതിപ്പുകളിൽ ഈ ഫീച്ചർ ഉടൻ ആരംഭിക്കുന്നതായിരിക്കും.
കമ്പനിയുടെ ബ്ലോഗ് പ്രകാരം ഈ ഫീച്ചർ ക്രോമിൻ്റെ നിലവിലുള്ള സേഫ്റ്റി ചെക്ക് സിസ്റ്റം അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത വെബ്‌സൈറ്റുകളിൽ നിന്നുള്ള ക്യാമറ, ലൊക്കേഷൻ അനുമതികൾ എന്നിവ സേഫ്റ്റി ചെക്ക് നേരത്തെ തന്നെ നീക്കം ചെയ്യുന്നുണ്ട്. ഇതിന് സമാനമായി, ഇനി നോട്ടിഫിക്കേഷൻ അനുമതികളും നീക്കം ചെയ്യപ്പെടും. ഗൂഗിളിൻ്റെ ആഭ്യന്തര ഡാറ്റ അനുസരിച്ച് വെബ് നോട്ടിഫിക്കേഷനുകളുടെ ഭൂരിഭാഗവും ഉപയോക്താക്കള്‍ റിജക്ട് ചെയ്യുകയാണ് പതിവ്. അവയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഉപയോക്താക്കളുടെ പ്രതികരണം നേടുന്നത്. അതായത്, ഉപയോക്താക്കളെ വിവരം അറിയിക്കാൻ രൂപകൽപ്പന ചെയ്ത നോട്ടിഫിക്കേഷനുകൾ കൂടുതലായി ശ്രദ്ധ തിരിക്കുന്ന ഘടകങ്ങളായി മാറിയെന്നാണ് ഗൂഗിളിൻ്റെ വിലയിരുത്തൽ.
ALSO READ: ലാപ്ടോപ്പിൽ ചാർജ് നിൽക്കാത്തതാണോ നിങ്ങളുടെ പ്രശനം? ഈ വഴികൾ പരീക്ഷിച്ച് നോക്കൂ
എന്നാൽ, ഈ മാറ്റം എല്ലാ സൈറ്റുകളെയും ബാധിക്കില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. ഉപയോക്തൃ ഇടപെടൽ കുറവുള്ളതും അധിക അലർട്ടുകൾ അയക്കുന്ന സൈറ്റുകളിലുമാത്രമാണ് നോട്ടിഫിക്കേഷൻ അനുമതി പിൻവലിക്കുക. ഇൻസ്റ്റാൾ ചെയ്ത വെബ് ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ തുടരും. ക്രോം ഒരു സൈറ്റിൻ്റെ നോട്ടിഫിക്കേഷൻ അനുമതി നീക്കുമ്പോൾ അതിനെക്കുറിച്ച് ഉപയോക്താവിന് ഒരു അറിയിപ്പ് ലഭിക്കും. ആഗ്രഹമുള്ളവർക്ക് സേഫ്റ്റി ചെക്ക് വഴി അല്ലെങ്കിൽ വെബ്‌സൈറ്റ് വീണ്ടും സന്ദർശിച്ച് അനുമതി നൽകിയും നോട്ടിഫിക്കേഷനുകൾ പുനഃസജ്ജമാക്കാൻ കഴിയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

