
മനസിൽ ഓർക്കുന്ന കാര്യം പോലും പിറ്റേന്ന് പരസ്യമായും കണ്ടന്റായും ഇൻസ്റ്റാഗ്രാമിൽ പലപ്പോഴും എത്താറുണ്ട്. എല്ലാം ഇൻസ്റ്റാഗ്രാം കേൾക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം സിഇഒ ആദം മോസ്സേരി. തങ്ങൾ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് ആണ് അദ്ദേഹം പറയുന്നത്. മെറ്റാ പ്ലാറ്റ്‌ഫോമുകളിലെ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) ടാർഗെറ്റുചെയ്‌ത പരസ്യങ്ങളെക്കുറിച്ച് നിലനിൽക്കുന്ന സംശയങ്ങൾക്കിടയിൽ ആണ് അദ്ദേഹം വിശദീകരണവുമായി എത്തിയിരിക്കുന്നത്. മെറ്റാ എഐ-യുമായുള്ള ഉപയോക്താക്കളുടെ ഇടപെടലുകൾ പരസ്യങ്ങളും മറ്റ് ഉള്ളടക്കങ്ങളും വ്യക്തിഗതമാക്കാൻ ഉപയോഗിക്കുമെന്ന മെറ്റായുടെ പ്രഖ്യാപനം ഇത്തരം സംശയങ്ങൾ വീണ്ടും ഉയർത്തിയിരുന്നു.
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോക്താക്കളുടെ സംഭാഷണങ്ങൾ എല്ലാം കേൾക്കുന്നുണ്ടെന്നുള്ള സംശയം ഒരുപാട് കാലമായി നിലനിൽക്കുന്നതാണ്. എന്തെങ്കിലും ഒരു കാര്യം വാങ്ങുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചാൽ അടുത്ത സെക്കൻ്റ് മുതൽ വരുന്നതെല്ലാം അതിനെ കുറിച്ചുള്ള പരസ്യങ്ങൾ ആയിരിക്കും. അതുകൊണ്ട് തന്നെ ആളുകൾക്ക് മൊബൈൽ ആപ്പുകൾ തങ്ങളുടെ സംഭാഷണങ്ങൾ നിരന്തരം ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ ‘കെട്ടുകഥ’ തള്ളിക്കളഞ്ഞുകൊണ്ട് ഇൻസ്റ്റാഗ്രാം മേധാവി ആദം മോസ്സേരി ഒരു വീഡിയോയിലൂടെയാണ് പ്രതികരണം അറിയിച്ചത്. “ഞാൻ സത്യം ചെയ്യുന്നു, ഞങ്ങൾ നിങ്ങളുടെ മൈക്രോഫോൺ ശ്രദ്ധിക്കുന്നില്ല,” അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു നടപടി “സ്വകാര്യതയുടെ കടുത്ത ലംഘനമാണ്” എന്നും അത് ഫോണിന്റെ “ബാറ്ററി വലിയ തോതിൽ ചോർത്തിക്കളയുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപയോക്താക്കൾ സംസാരിച്ചതിന് ശേഷം കൃത്യമായി ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾ കാണുന്നതിന് മൈക്രോഫോണുമായി ബന്ധമില്ലെന്നും, പകരം സെർച്ച് ഹിസ്റ്ററിയുമായിട്ടാണ് കൂടുതൽ ബന്ധമെന്നും മോസ്സേരി വിശദീകരിച്ചു. ഇതിനായി അദ്ദേഹം നാല് പ്രധാന കാരണങ്ങൾ അവതരിപ്പിച്ചു:
- വെബ്‌സൈറ്റുകളിലെ സെർച്ച് ഹിസ്റ്ററി: വെബ്‌സൈറ്റുകളിലുടനീളമുള്ള നിങ്ങളുടെ സെർച്ച് ഹിസ്റ്ററി അനുസരിച്ചാണ് പരസ്യങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും തിരഞ്ഞാൽ, അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. അവരുടെ വെബ്സൈറ്റിൽ ആരൊക്കെ വരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യദാതാക്കളുമായി മെറ്റാ പങ്കുവെക്കാറുണ്ട്.
- സുഹൃത്തുക്കളുടെ താൽപ്പര്യങ്ങൾ: നിങ്ങൾ ഒരു ഉൽപ്പന്നത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നിങ്ങളുടെ സുഹൃത്തുക്കൾ അത് ഓൺലൈനിൽ തിരഞ്ഞിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കൾക്കും സമാന താൽപ്പര്യമുള്ളവർക്കും ഉള്ള താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്കും പരസ്യങ്ങൾ ടാർഗെറ്റുചെയ്യാൻ സാധ്യതയുണ്ട്.
- മുൻകൂട്ടി കണ്ടിരിക്കാനുള്ള സാധ്യത: നിങ്ങൾ ഒരു സംഭാഷണം നടത്തുന്നതിന് മുമ്പ് തന്നെ ആ പരസ്യം കണ്ടിരിക്കാൻ സാധ്യതയുണ്ട്. ആളുകൾ വേഗത്തിൽ സ്‌ക്രോൾ ചെയ്യുമ്പോൾ പരസ്യങ്ങൾ അവഗണിക്കാമെങ്കിലും, അതിന്റെ ഉള്ളടക്കം ചിലപ്പോൾ “ആന്തരികവൽക്കരിക്കപ്പെടുകയും” (internalise) പിന്നീട് സംഭാഷണത്തിന് അടിസ്ഥാനമാവുകയും ചെയ്തേക്കാം.
- യാദൃച്ഛികത: നാലാമതായി, ഇത് വെറും യാദൃച്ഛികതയാവാം, ഇത് സംഭവിക്കാറുണ്ട്.
ഈ വിശദീകരണങ്ങളുണ്ടായിട്ടും തന്റെ വാക്കുകൾ ചിലർ വിശ്വസിക്കില്ലെന്ന് മോസ്സേരി സമ്മതിച്ചു. അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ് ഇത് ശരിവയ്ക്കുന്നു: “ഞാൻ ആളുകളുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ പറയുന്ന മറുപടി ഇത് തന്നെയായിരിക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

