
മുഹമ്മദ് യാസീൻ S.R.
സ്മാർട്ട് ഫോണുകൾ ജീവിതത്തിന്‍റെ സകല മേഖലകളിലും ഭാഗമായ ഒരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. വ്യക്തിയുടെ താല്പര്യത്തിന് അനുസരിച്ചാവും ഓരോരുത്തരും അവരുടെ ഫോണുകൾ തെരഞ്ഞെടുക്കുക. ചിലർക്ക് മികച്ച കാമറയാവും വേണ്ടതെങ്കിൽ, ചിലർക്ക് നല്ല പെർഫോമൻസ് ഫോണുകളാവും ഇഷ്ടം. ഗെയിമിങ്, എഡിറ്റിങ് പ്രേമികൾ എപ്പോഴും കരുത്തേറിയ ലാഗ് ഫ്രീ ഫോണുകളുടെ ആരാധകരായിരിക്കും.
ചിലർക്ക് വലിയ മിഴിവേറിയ ഡിസ്‌പ്ലേയുള്ള ഫോണുകളോടായിരിക്കും താത്പര്യം. സിനിമകളും സീരീസുകളും കാണുന്നതിനൊപ്പം സോഷ്യൽ മീഡിയ വലിയ സ്‌ക്രീനുകളിൽ ആസ്വദിക്കാനും ഇവർക്ക് ആഗ്രഹമുണ്ടാകും. എല്ലാ ഫീച്ചറുകളും ബാലൻസ് ചെയ്യുന്ന ഓൾ റൗണ്ടർ ഫോണുകൾക്കും ആവശ്യക്കാരേറെയാണ്.
എന്തൊക്കെ തരം ഇഷ്ടങ്ങളായാലും പ്രസ്തുത ഫോൺ ഫീച്ചറുകളുടെ ക്വാളിറ്റി നിർണയിക്കുന്ന ഒരു ‘ബ്രെയിൻ’ എല്ലാ സ്മാർട്ഫോണുകളിലും ഉണ്ട്. അവയാണ് ചിപ്സെറ്റുകൾ. സ്മാർട്ഫോണുകളുടെ പ്രകടനവും കാര്യക്ഷമതയും ഏറെക്കുറെ നിർണയിക്കുന്നത് അതിലെ ചിപ്സെറ്റുകൾ തന്നെയാണ്. നിലവിൽ വിപണിയിലെ ഏറ്റവും ശക്തമായ രണ്ട് പ്രധാന ആൻഡ്രോയിഡ് ചിപ്സെറ്റ് നിർമാതാക്കളെ നമുക്ക് അറിയാം; മീഡിയ ടെക്കും സ്‌നാപ് ഡ്രാഗണും.
ഇവയിൽ ഏതാണ് ഏറ്റവും നല്ലതെന്ന ചോദ്യവും അതിനൊപ്പമുള്ള വാഗ്വാദങ്ങളും ടെക് ലോകത്ത് ആരംഭിച്ചിട്ട് കാലം കുറെയായി. രണ്ട് പ്രോസസറുകൾക്കും അവരുടേതായ നല്ലതും മോശവുമായ വശങ്ങൾ ഉണ്ടെന്നത് വിശകലനത്തിൽ നമുക്ക് മനസിലാകും. മീഡിയടെക് പൊതുവെ അറിയപ്പെടുന്നത് താങ്ങാനാവുന്ന വിലയിൽ സന്തുലിതമായ പ്രകടനവും മികച്ച ബാറ്ററി ലൈഫും ഒക്കെ തരുന്ന ‘വാല്യൂ ഫോർ മണി’ പ്രോസസറുകൾ എന്നാണ്.
മറുവശത്ത് സ്‌നാപ്ഡ്രാഗൺ എന്ന് കേൾക്കുമ്പോൾ തന്നെ പെർഫോമൻസ് എന്ന വാക്ക് കൂടി നമ്മുടെ മനസിലേക്ക് ഓടിയെത്തും. ശക്തിയേറിയ ഗ്രാഫിക്സ്, മികച്ച മോഡം, മികച്ച സോഫ്റ്റ് വെയർ ഇക്കോസിസ്റ്റം പിന്തുണ എന്നിവ ഉണ്ടാകുമ്പോൾ തന്നെ വിലയേറിയ ഒരു പ്രോസസർ കൂടിയാണ് സ്‌നാപ്ഡ്രാഗൺ എന്ന കാര്യവും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ALSO READ; ഇനി ഗൂഗിള്‍ മാപ്പ് കുഴിയില്‍ ചാടിക്കില്ല: ആപ്പില്‍ ഇനി മുതല്‍ ആക്സിഡൻ്റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്
ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് (GPU)
മീഡിയടെക് ഡൈമൻസിറ്റി സീരീസ് Mali-GPU ആണ് ഉപയോഗിക്കുന്നത്. എഐ ഇന്‍റഗ്രേഷൻ, ഉയർന്ന റീഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ഇത് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാൽ, ഗെയിമിംഗിൽ കൂടുതൽ ഫ്രെയിം സ്റ്റെബിലിറ്റിയും തുടർച്ചയായുള്ള മികച്ച പെർഫോമൻസും നൽകുന്നത് സ്‌നാപ്ഡ്രാഗണിന്‍റെ Adreno GPU ആണ്. അതുകൊണ്ടുതന്നെയാണ് മൊബൈൽ ഗെയിമേഴ്സിനിടയിൽ സ്‌നാപ്ഡ്രാഗണ് ഒരു പ്രത്യേക സ്ഥാനം ഉള്ളത്.
ഇമേജ് സിഗ്നൽ പ്രൊസസർ (ISP)
ഒരു സ്മാർട്ഫോണിന്‍റെ കാമറയുടെ പ്രകടനത്തിലെ നിർണായക ഘടകമാണ് ഇമേജ് സിഗ്നൽ പ്രൊസസർ. സ്‌നാപ്ഡ്രാഗണിന്‍റെ ‘Spectra ISP multi-camera’ സെറ്റപ്പുകൾ 8K വീഡിയോ റെക്കോർഡിങ്, മികച്ച ലോ ലൈറ്റ് ഫോട്ടോഗ്രാഫി എന്നിവക്ക് പ്രശസ്തമാണ്. മറുവശത്ത്, മീഡിയടെക്കിന്‍റെ ഐഎസ്പി കംപ്യൂട്ടേഷനൽ ഫോട്ടോഗ്രഫി, എച്ച് ഡി ആർ ഒപ്റ്റിമൈസേഷൻ, നൈറ്റ് മോഡ് ഫോട്ടോഗ്രാഫി എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വക്കുന്നുണ്ടെങ്കിലും ഫ്ലാഗ്ഷിപ്പ് ലെവൽ ഡീറ്റൈലിങ്ങിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. എന്നാൽ, പല മികച്ച കാമറ ഫോണുകളിലും (ഉദാ: വിവോ x 200 പ്രോ) മീഡിയടെക്കിന്‍റെ ഫ്ലാഗ്ഷിപ്പ് 9400 സീരീസ് ഉപയോഗിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം.
ALSO READ; തലൈവരോളം സ്റ്റൈലൻ: വില പതിനായിരത്തിൽ താഴെ; ഇത് ടെക്നോയുടെ പവർഹൗസ്
എഐ പെർഫോമൻസ്
എഐ ഫീച്ചറുകളാണ് ഇപ്പോഴത്തെ ഏത് കാറ്റഗറിയിൽ ഉള്ള ഫോണിന്‍റെയും ഹൈലൈറ്റ്. മീഡിയടെക്കിന്‍റെ എഐ പ്രോസസിംഗ് യൂണിറ്റ് കംപ്യൂട്ടേഷനൽ ഫോട്ടോഗ്രഫി, വോയിസ് റെകഗ്നിഷൻ, AR/VR ഫീച്ചറുകൾ തുടങ്ങിയ മേഖലകളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് മിഡ്റേഞ്ച് കാറ്റഗറിയിലെ എഐ പെർഫോമൻസിൽ ഡൈമൻസിറ്റിയാണ് മികച്ചത്. സ്‌നാപ്ഡ്രാഗണിന്‍റെ ‘Hexagon DSP + AI Engine’ ഹൈ എൻഡ് ടാസ്ക്കുകൾ (തത്സമയ വിവർത്തനം, അഡ്വാൻസ്ഡ് കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി) കൈകാര്യം ചെയ്യുന്നതിൽ മികച്ച ഔട്ട്പുട്ട് നൽകുന്നുണ്ട്.
ബാറ്ററി കാര്യക്ഷമത
4nm ഡൈമെൻസിറ്റി ചിപ്പുകൾക്ക് മികച്ച ബാറ്ററി കാര്യക്ഷമതയുണ്ട്. മീഡിയടെക് എ പി യു ബാക്ക്ഗ്രൗണ്ടിൽ ഓടുന്ന ആപ്പുകളെ ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്നു. അതിനാൽ ഫോണിലെ ബാറ്ററി ഡ്രെയിൻ നിയന്ത്രിക്കാനും ഈ ചിസ്റ്റിന് കാര്യക്ഷമമായി കഴിയും. ഹൈ പെർഫോമൻസ് കോറിനെ ആവശ്യസമയങ്ങളിൽ മാത്രം പ്രവർത്തിപ്പിച്ച്, ദിനേനയുള്ള ഉപയോഗത്തിന് ലോ പെർഫോ കോറുകൾ ഉപയോഗിക്കുന്നതിനാൽ ബാലൻസ്ഡ് ആയിട്ടുള്ള പ്രകടനത്തിനൊപ്പം നീണ്ടുനിൽക്കുന്ന ബാറ്ററി പെർഫോമൻസും ഫോണിൽ കിട്ടുന്നു.
പെർഫോമൻസിന് പ്രാധാന്യം കൊടുക്കുന്നതിനാൽ സ്നാപ്ഡ്രാഗൺ ചിപ്പുകളിൽ ബാറ്ററി ഡ്രെയിൻ വേഗത്തിൽ സംഭവിക്കാം. എന്നാൽ ഉപഭോക്താവിന്‍റെ ഉപയോഗം മനസിലാക്കി ബാറ്ററി ഒപ്റ്റിമൈസ് ചെയ്യാൻ ഈ ചിപ്സെറ്റുകൾക്ക് സാധിക്കും. ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുന്നതിന് അഡാപ്റ്റീവ് പവർ മാനേജ്‌മെന്‍റ് പോലുള്ള സവിശേഷതകൾ നമുക്ക് കാണാൻ കഴിയും.
പോക്കറ്റ് കീറാത്ത മീഡിയടെക്കും വിലയേറിയ സ്നാപ് ഡ്രാഗണും
മീഡിയടെക്കിന്‍റെ ഏറ്റവും വലിയ സവിശേഷത താങ്ങാനാവുന്ന വിലയാണ്. 10,000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് പോലും മീഡിയടെക് അത്യാവശ്യം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ചിപ്പുകൾ നൽകുന്നുണ്ട്. സാധാരണയായുള്ള ഉപയോഗത്തിന് ബജറ്റ്, മിഡ് റേഞ്ച് കാറ്റഗറികളിൽ ഒരു ഡൈമെൻസിറ്റി ചിപ്‌സെറ്റുള്ള ഫോണുകൾ നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. സ്നാപ്ഡ്രാഗൺ ചിപ്പുകൾ ഉള്ള ഫോണുകൾ പൊതുവെ വിലകൂടിയവയായിരിക്കും. പ്രത്യേകിച്ച് 8 എലൈറ്റ് പോലെയുള്ള ഫ്ലാഗ്ഷിപ്പ് ലെവൽ ചിപ്പുകൾക്ക് വിലയേറും. മികച്ച പെർഫോമൻസ് കാഴ്ച വക്കുന്ന പ്രീമിയം ഫോണുകളോ, ഹൈ എൻഡ് മിഡ്‌റേഞ്ച് ഫോണുകളോ ആഗ്രഹിക്കുന്നവർക്ക് സ്നാപ്ഡ്രാഗൺ ചിപ്പുകൾ ഉള്ള ഫോണുകൾ പരിഗണിക്കവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

