
ഒരു വർഷം കൊണ്ട് എഐ തൊഴിൽ മാർക്കറ്റിൽ പിടിമുറുക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ ചീഫ് മുസ്തഫ സുലൈമാൻ. ലോകമൊട്ടാകെ, നിർമിത ബുദ്ധിയുടെ വരവോടെ നിരവധി തൊഴിൽ മേഖലകളിൽ കൂട്ടപ്പിരിച്ചുവിടൽ നടക്കവെയാണ്, ഐടി ഭീമന്‍റെ എഐ തലവൻ തന്നെ മുന്നറിയിപ്പുമായി എത്തിയത്. അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ മിക്ക വൈറ്റ് കോളർ ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ കയ്യിലാവുമെന്ന് മുസ്തഫ സുലൈമാൻ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കോഡിങ് വിദഗ്ധർക്കും സോഫ്റ്റ് വെയർ എഞ്ചിനീയർമാർക്കും മാത്രമല്ല, കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്ന അഭിഭാഷകർ, അക്കൗണ്ടന്റുമാർ, പ്രോജക്റ്റ് മാനേജർമാർ, മാർക്കറ്റർമാർ എന്നിവരുടെ ജോലികളും എഐ ഏറ്റെടുക്കുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.
ALSO READ; കീബോർഡിലെ അക്ഷരങ്ങൾ എന്തുകൊണ്ടാണ് ക്രമരഹിതമായിരിക്കുന്നത്? QWERTY ലേഔട്ടിന്റെ രഹസ്യം ഇതാ!
എഐയുടെ അടുത്ത ഘട്ടമായ എജിഐ ആയിരിക്കും ഈ വമ്പൻ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുക. ഒരു സ്‌കിൽഡ് തൊഴിലാളി ചെയ്യുന്ന ജോലികൾ ചെയ്യാൻ കഴിയുന്ന പ്രൊഫഷണൽ-ഗ്രേഡ് എജിഐ വികസിപ്പിക്കലാണ് മൈക്രോസോഫ്റ്റിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പൺ എഐയെ (OpenAI) അമിതമായി ആശ്രയിക്കുന്നത് കുറിച്ചിട്ട് എഐ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കലും ഭാവിയിൽ തങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്ന് മുസ്തഫ സുലൈമാൻ കൂട്ടിച്ചേർത്തു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വലിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ എഐ ഏജന്റുകൾക്ക് കഴിയുന്ന തരത്തിലുള്ള ഗവേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

