
ഫ്ലാഗ്ഷിപ്പ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച വർഷമാണ് 2025. നമ്പർ സീരീസിലെ പതിനേഴാമനെ ഇറക്കിയുള്ള ആപ്പിളിന്റെ ‘ഷോ ഓഫ്’ കഴിഞ്ഞതേയുള്ളൂ. അപ്പോഴേക്കും ‘ഇനി ചെക്കന്‍റെ വീട്ടുകാരുടെ കലാപരിപാടികളാണ്’ എന്ന ഡയലോഗുമായി ആൻഡ്രോയിഡ് ചേട്ടന്മാർ എത്തിയിരിക്കുകയാണ്. വൺപ്ലസ് 15, റിയൽമി ജിടി 8 പ്രോ, ഐക്യൂ 15, ഓപ്പോ ഫൈൻഡ് എക്സ് 9 പ്രോ, വിവോ എക്സ് 300 സീരീസ് എന്നിവരാണ് നിലവിൽ വിപണിയിലേക്ക് എൻട്രി നടത്താനിരിക്കുന്ന ‘ഹോട്ട്ഷോട്ടുകൾ’.
ഇതിൽ ആദ്യം എത്തുക വൺപ്ലസ് നമ്പർ സീരീസിലെ ഫ്ലാഗ്ഷിപ്പ് ഡിവൈസായ വൺപ്ലസ് 15 ആണ്. പതിമൂന്ന് കഴിഞ്ഞ് പതിനഞ്ചിലേക്ക് നേരെ ചാടിയ വൺപ്ലസ് ആരാധകർക്ക് നൽകിയ ഹൈപ്പ് ചില്ലറയൊന്നുമല്ല. ക്വാൽകോമിന്‍റെ ‘ലേറ്റസ്റ്റ് ആൻഡ് ഗ്രേറ്റസ്റ്റ്’ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറും ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന പുതിയ ഓക്‌സിജൻ ഒഎസ് 16 യുഐയും ആയി വരുന്ന ഫോൺ നവംബർ 13 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
ALSO READ; നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സ്ലോ ആകുന്നുണ്ടോ? ആശങ്കപ്പെടേണ്ട; വേഗത കൂട്ടാൻ ഈ കാര്യങ്ങൾ ചെയ്തുനോക്കൂ
എന്നാൽ, ആദ്യമെത്തുമെങ്കിലും ആ വരവിന്‍റെ സമയം അത്ര ശെരിയായില്ല എന്നൊരു അഭിപ്രായം സോഷ്യൽ മീഡിയയിലെ ടെക് ടോക്കുകൾക്കിടയിൽ കറങ്ങി നടക്കുന്നുണ്ട്. കാരണം, ഓപ്പോ ഫൈൻഡ് എക്സ് 9 നവംബർ 18 ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്. റിയൽമി ജിടി 8 പ്രോ 20 നെത്തും. 26 ന് ഐക്യൂവിന്‍റെ ‘മോൺസ്റ്റർ’ ഐക്യൂ 15 ഉം ലോഞ്ച് ചെയ്യും.
ഇവയെല്ലാം ടോപ് ലെവൽ ഫ്ലാഗ്ഷിപ്പ് ഫോണുകളാണ് എന്ന് മാത്രമല്ല, ഫീച്ചറുകളും വൺപ്ലസ് 15 മായി കിടപിടിക്കുന്നവയാണ്. അപ്പോഴാണ് വിലയുടെ പ്രശ്നം ഉയർന്നു വരുന്നത്. ആദ്യമേ വിപണയിലെത്തുന്ന വൺപ്ലസ് 15 ന്‍റെ വില മനസിലാക്കി, അതനുസരിച്ച് കുറഞ്ഞ വിലയിലാണ് എതിരാളികൾ അവരുടെ ഫോൺ ഇറക്കുന്നതെങ്കിൽ വൺപ്ലസിന് അതൊരു തിരിച്ചടിയാകും.

ALSO READ; എത്ര കിട്ടിയാലും പഠിക്കില്ല; 2025-ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചത് ഈ പാസ്‌വേഡുകൾ
പെർഫോമൻസിന്‍റെ കാര്യത്തിൽ വൺപ്ലസിന്‍റെ ഒപ്പം പിടിക്കുന്ന റിയൽമി കാമറയുടെ കാര്യത്തിൽ പേപ്പറിൽ വൺപ്ലസിനേക്കാൾ മുന്നിലുമാണ്. ബാറ്ററിയും ഡിസ്പ്ലേയും ഒപ്പത്തിനൊപ്പം. അതേസമയം, ഇരുവരെയും കാമറയിൽ ഓപ്പോ കടത്തി വെട്ടിയേക്കും. അപ്പോഴും ഇവർക്കെല്ലാം എതിരാളിയായി ഐക്യൂ 15 എന്ന ആൾറൗണ്ടർ രാക്ഷസൻ ഉണ്ടെന്ന കാര്യവും ഓർമ വേണം. ഫാൻബേസിലും ഐക്യൂവിനാണ് മുൻതൂക്കം. ഒറിജിൻ ഓഎസിന്റെ വരവും ടോപ് ലെവൽ സർവീസും കൂടിയാകുമ്പോൾ ഫ്‌ളാഗ്‌ഷിപ്പുകളുടെ ക്ലാഷ് ഐക്യൂ തൂക്കുമെന്നും കൊണ്ടുപിടിച്ച സംസാരമുണ്ട്.

ഇതിനിടയിലേക്ക് ആദ്യമിറങ്ങി വന്ന വൺപ്ലസിന്‍റെ സ്ഥിതി അപ്പോൾ ‘ധൃതി അൽപ്പം കൂടുതലാ…’ എന്നായിരിക്കുകയാണ്. എന്തായാലും ദിവസങ്ങൾക്കുള്ളിൽ ഈ വർഷത്തെ ഏറ്റവും വലിയ സ്മാർട്ഫോൺ യുദ്ധം നേരിൽ കാണാൻ ഒരുങ്ങിയിരിക്കുകയാണ് ടെക് ലോകം. വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു അവസരമാണ്. എതിരാളികൾ വിലയിൽ കുറവ് വരുത്താൻ മത്സരിക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് അതൊരു അനുഗ്രഹമായി മാറും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

