
ആകാശം അത്ഭുതങ്ങളുടെ ലോകമായിരുന്നു പ്രാചീന മനുഷ്യര്‍ക്ക്. ഇരുള്‍ പരക്കുമ്പോള്‍ തെളിയുന്ന നക്ഷത്രലോകം കാഴ്ചയുടെ വസന്തം മാത്രമല്ല ഒരുക്കിയത്, അവരുടെ ഉള്ളിലെ ജിജ്ഞാസയും ആകാശം തൊട്ടുണര്‍ത്തി. സൂര്യനെയും ചന്ദ്രനെയും ചിലപ്പോള്‍ വിഴുങ്ങുന്ന കറുത്ത മൂടപടവും, ആകാശത്ത് കൂടെ സഞ്ചരിക്കുന്ന തീഗോളങ്ങളായ ധൂമകേതുക്കളുടെയും രഹസ്യങ്ങള്‍ അറിയാൻ അവര്‍ ആകാംക്ഷ കൊണ്ടു. ഇന്നും അതേ ആകാംക്ഷയോടെ ആകാശലോകത്തെ വിസ്മയങ്ങള്‍ കാണാൻ മനുഷ്യൻ കാത്തരിക്കാറുണ്ട്.
2025 ഒക്ടോബർ മാസം വാനനിരീക്ഷകര്‍ക്ക് ആകാശം വിരുന്നൊരുക്കുകയാണ്. മൂന്ന് ധൂമകേതുക്കളെയാണ് ഒരൊറ്റ ദിവസം തന്നെ ആകാശത്ത് കാണാൻ സാധിക്കുന്നത്. 2025 സെപ്റ്റംബറിൽ കണ്ടെത്തിയ സ്വാൻ എന്ന ധൂമകേതുവാണ് അതിലൊന്ന്. പേര് പോലെ തൂവെള്ള നിറത്തില്‍ ആകാശത്ത് തിളങ്ങുന്ന ഈ ധൂമകേതുവിനെ 2025 സെപ്റ്റംബറിലാണ് കണ്ടെത്തിയത്.
ഒക്ടോബർ 21-ന്, ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോൾ വളരെ തിളക്കത്തോടെ സ്വാനിനെ കാണാൻ സാധിക്കും. 2025 ജനുവരിയിൽ കണ്ടെത്തിയ മറ്റൊരു ധൂമകേതുവായി C/2025 A6 നെയും ഒക്ടോബര്‍ 21 കാണാൻ സാധിക്കും. തിളക്കം കൊണ്ട് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയ ഈ ധൂമകേതുവിനെ ഒക്ടോബർ 15-ന് ശേഷം, ഇരുണ്ട ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. 2020-ലെ നിയോവൈസ് (NEOWISE) ധൂമകേതുവിന്റെ തിളക്കത്തോട് താരതമ്യപ്പെടുത്താവുന്ന ഒരു കാഴ്ചയാകും ഈ ധൂമകേതു വാനനിരീക്ഷകര്‍ക്ക് സമ്മാനിക്കുക എന്നാണ് കരുതപ്പെടുന്നത്.
2025 മെയ് മാസത്തിൽ കണ്ടെത്തിയ അറ്റലസ് എന്ന ധൂമകേതുവിനെയും അന്നേ ദിവസം കാണാൻ സാധിക്കും. അങ്ങനെ ഒരു ദിവസം ഭൂമിയിലെ മനുഷ്യരെ വിസ്മയിപ്പിക്കാൻ മൂന്ന് വാല്‍ നക്ഷത്രങ്ങളാണ് ആകാശ ലോകത്ത് തെളിയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

