
ചാർജ് ചെയ്യുന്നതിനിടെ ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ പലപ്പോഴും പുറത്തുവരാറുണ്ട്. അത്തരത്തിൽ സാംസങ് ഗാലക്സി S25+ (Samsung Galaxy S25+) അമിതമായി ചൂടാവുകയും പിന്നീട് തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമാവുകയും ചെയ്തതായി റിപ്പോർട്ടുകൾ. റെഡ്ഡിറ്റിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, കേവലം രണ്ടുമാസം മാത്രം പഴക്കമുള്ള ഫോണാണ് ഇത്തരത്തിൽ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. രാത്രിയിൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്നും, ഫോണിനൊപ്പം ലഭിച്ച ഔദ്യോഗിക ചാർജറും കേബിളുമാണ് ഉപയോഗിച്ചിരുന്നതെന്നും ഉടമ അവകാശപ്പെടുന്നു.
ഈ സ്ഫോടനത്തിൽ വീടിന്റെ കാർപെറ്റിന് കേടുപാടുകൾ സംഭവിക്കുകയും, പുക ശ്വസിച്ചതിനെത്തുടർന്ന് ഉടമയ്ക്ക് ശ്വസനസംബന്ധമായ അസ്വസ്ഥതകൾക്ക് വൈദ്യസഹായം തേടേണ്ടി വരികയും ചെയ്തു. തീപിടുത്തത്തെക്കുറിച്ച് ഫയർ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ ബാറ്ററിയിലെ താപനില നിയന്ത്രണാതീതമായി ഉയരുന്ന ‘തെർമൽ റൺവേ’ (thermal runaway) ആണ് അപകടകാരണമെന്ന് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സാംസങ്, സ്ഫോടനത്തിന് കാരണം ഫോണിന് പുറത്തുനിന്നുണ്ടായ സമ്മർദ്ദമാണെന്ന് (external force) പ്രാഥമികമായി വിലയിരുത്തി. എങ്കിലും, ഈ ഒറ്റപ്പെട്ട സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ മതിയായ തെളിവുകളില്ലെന്ന് കമ്പനി സമ്മതിച്ചു. ഇതേത്തുടർന്ന്, ഫോണിന്റെ വില, വസ്തുവകകൾക്കുണ്ടായ നാശനഷ്ടങ്ങൾ, ചികിത്സാ ചിലവുകൾ എന്നിവയ്ക്ക് പുറമെ ഉടമയ്ക്കുണ്ടായ മാനസിക വിഷമത്തിന് (pain-and-suffering) പ്രത്യേക തുകയും നൽകാൻ സാംസങ് സമ്മതിച്ചിട്ടുണ്ട്.
ALSO READ: ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു; ആറാമത്തെ സമുദ്രം ജനിക്കുന്നു, ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സാംസങ് ഉപകരണങ്ങളുടെ ഗുണനിലവാരത്തിലും സുരക്ഷയിലും തങ്ങൾ ഉറച്ചുനിൽക്കുന്നുവെന്നും, ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ഗാലക്സി S25 നിരയിലെ മറ്റ് ഫോണുകളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


