
രാജ്യത്തെ കെട്ടിടങ്ങൾക്കും ഇനിമുതൽ ഡിജിറ്റൽ റേറ്റിംഗ് വരുന്നു. കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ലഭിക്കുന്ന ഇന്റർനെറ്റ്, ഫോൺ കണക്റ്റിവിറ്റി എന്നിവയുടെ നിലവാരം പരിശോധിച്ച് സ്റ്റാർ റേറ്റിംഗുകൾ നൽകുന്നതിനായി പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കി.
ആർഎനെക്സ്റ്റ് ടെക്നോളജീസിനെ ആണ് രാജ്യത്തെ ആദ്യ ഡിജിറ്റൽ കണക്റ്റിവിറ്റി റേറ്റിംഗ് ചെയ്യുന്നതിനായുള്ള ഏജൻസിയായി (ഡിസിആർഎ) തിരഞ്ഞെടുത്തത്. ഒരു കെട്ടിടത്തിന് എത്രത്തോളം ഡിജിറ്റൽ ശേഷിയുണ്ടെന്ന് കണ്ടെത്താനാവുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇത്തരത്തിൽ സ്റ്റാർ-റേറ്റിംഗ് സംവിധാനം റിയൽ എസ്റ്റേറ്റ് മേഖലയിലും ഡെവലപ്പർമാർ, പ്രോപ്പർട്ടി മാനേജർമാർ, വീട് വാങ്ങുന്നവർ എന്നിവരുടെ ഇടയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് കണ്ടെത്തൽ. കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുന്ന ഘട്ടത്തിൽ തന്നെ മികച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഒരുക്കാൻ ഡെവലപ്പർമാരെ ഈ റേറ്റിംഗ് സഹായിക്കും. മികച്ച ഇന്റർനെറ്റ് സൗകര്യമുള്ള വീടുകളോ ഓഫീസുകളോ തിരഞ്ഞെടുക്കാൻ വാങ്ങുന്നവർക്കും വാടകക്കാർക്കും കമ്പനികൾക്കും റേറ്റിംഗ് സംവിധാനം ഉപകരിക്കും.
ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടന്ന സാഹചര്യത്തിലാണ് ട്രായ്‌യുടെ പുതിയ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

