കേരളത്തിൽ നിന്നും കുഴിച്ച് അങ്ങ് പോയാൽ എത്തുന്നത് അമേരിക്കയിലല്ല, മറ്റൊരിടത്ത്; എന്താണ് ആന്റിപോഡ് ?

ANTIPODE EARTH

കേരളത്തിൽ നിന്നും കുഴിച്ച് പോയാൽ അങ്ങ് അമേരിക്കയിൽ എത്തുമോ ? കൊച്ചിലെ മുതലുള്ള പലരുടെയും സംശയമായിരിക്കും ഇത് അല്ലേ ? എന്നാൽ അങ്ങനെ കുഴിച്ചാൽ എത്തും, പക്ഷേ അമേരിക്കയിൽ ആയിരിക്കില്ല… മറ്റൊരിടത്ത് ആയിരിക്കും. ഭൂമി ഗോളാകൃതിയിലായതുകൊണ്ട്, ഒരിടത്തുനിന്നും ഭൂമിയുടെ കേന്ദ്രത്തിലൂടെ നേരെ കുഴിച്ചുപോയാൽ മറ്റൊരിടത്ത് എത്താൻ സാധിക്കും. ഇങ്ങനെ നമ്മുടെ സ്ഥാനത്തിന് നേരെ എതിർവശത്തുള്ള സ്ഥലത്തെ ആന്റിപോഡ് (antipode) എന്നാണ് വിളിക്കുന്നത്. ഈ വാക്ക് ഗ്രീക്കിൽ നിന്നാണ് വന്നത്.

ഭൂമിയുടെ ഉപരിതലം 71% വെള്ളമായതിനാൽ, മിക്ക ആന്റിപോഡുകളുടെയും സ്ഥാനം സമുദ്രയിരിക്കും. ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 3% ഭാഗങ്ങളിൽ മാത്രമേ കരയിൽ നിന്ന് കരയിലേക്ക് ആന്റിപോഡൽ സ്ഥാനങ്ങൾ ഉള്ളൂ. ആന്റിപോഡൽ ഭൂമിയുടെ ഏറ്റവും വലിയ വിസ്തീർണ്ണം തെക്കേ അമേരിക്കയുടെ അഗ്രത്തിനും കിഴക്കൻ മധ്യേഷ്യയ്ക്കും ഇടയിലാണ്.

നിങ്ങളുടെ വീട്ടിൽ നിന്നും കുഴിച്ചാൽ എവിടെയെത്തുമെന്ന് ഇപ്പോൾ ‌ഓർക്കുന്നുണ്ടാവും അല്ലേ ? എന്നാൽ അതിനായിട്ട് മൺവെട്ടിയും കൊണ്ട് ഇറങ്ങേണ്ട, ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഇത് കണ്ടെത്താനാകും.

എങ്ങനെ ആന്റിപോഡ് കണ്ടെത്താം?

ആദ്യം നിങ്ങളുടെ സ്ഥലത്തിന്റെ കൃത്യമായ കോർഡിനേറ്റ്സ് (latitude, longitude) ഗൂഗിൾ മാപ്പിൽ നിന്ന് കണ്ടെത്തുക. ശേഷം, ഈ കോർഡിനേറ്റുകളിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നിങ്ങളുടെ ആന്റിപോഡ് ലഭിക്കും

  1. നിങ്ങളുടെ ലാറ്റിറ്റ്യൂഡ് (latitude) മൂല്യത്തിന് മുന്നിൽ ഒരു മൈനസ് (-) ചിഹ്നം ചേർക്കുക.
  2. നിങ്ങളുടെ ലോഞ്ചിറ്റ്യൂഡ് (longitude) മൂല്യം 180-ൽ നിന്ന് കുറയ്ക്കുക. കിട്ടുന്ന ഉത്തരത്തിനും മുന്നിൽ ഒരു മൈനസ് (-) ചിഹ്നം ചേർക്കുക.
    ഈ പുതിയ കോർഡിനേറ്റുകൾ ഗൂഗിൾ മാപ്പിൽ നൽകിയാൽ നിങ്ങളുടെ ആന്റിപോഡ് എവിടെയാണെന്ന് കൃത്യമായി കാണാൻ സാധിക്കും.

ഈ രീതിയിൽ കേരളത്തിലെ ഒരു സ്ഥലത്തിന്റെ ആന്റിപോഡ് പരിശോധിക്കുമ്പോൾ അത് പസഫിക് സമുദ്രത്തിലാണ് വരുന്നത്. അതാണ് പറഞ്ഞത് ലോകത്തിലെ മിക്ക നഗരങ്ങളുടെയും രാജ്യങ്ങളുടെയും ആന്റിപോഡുകൾ സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന്. ഇതിന് കാരണം, ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 71%വും കടലാണ് എന്നതാണ്.

ALSO READ: ഡോണാൾഡ് ജൊഹാൻസന്റെ നർമദ; നാസയുടെ ലൂസി ദൗത്യം ഇന്ത്യക്ക് നൽകിയ ആദരം

എന്നാൽ, കരയിൽ ആന്റിപോഡുകളുള്ള സ്ഥലങ്ങളുമുണ്ട്. ഉദാഹരണത്തിന്, സ്പെയിനിന്റെ ആന്റിപോഡ് ന്യൂസിലാൻഡിലും, ചൈനയിലെ ചില ഭാഗങ്ങളുടെ ആന്റിപോഡ് അർജന്റീനയിലുമാണ്.

ഭൂമി തുരന്ന് മറുവശത്തെത്തുക എന്നത് ഇന്ററാക്ടീവ് മാപ്പിൽ എളുപ്പമാണെങ്കിലും, യഥാർത്ഥത്തിൽ അത് അസാധ്യമായ കാര്യമാണ്. അതിന് പല കാരണങ്ങളുണ്ട്. സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ നിങ്ങൾ കണ്ടിട്ടില്ലേ ? ഭൂമിയുടെ ഉൾക്കാമ്പുകളെ വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. ഭൂമിക്ക് പ്രധാനമായും മൂന്ന് പാളികളാണുള്ളത്. പുറംതോട്, ആവരണം, കാമ്പ്. എന്നാൽ ഇവ തുരക്കുക അത്ര പ്രായോ​ഗികമല്ല. കാരണം അമിത മർദ്ദവും ഉയർന്ന താപനിലയും ഇടിഞ്ഞുവീഴാൻ സാധ്യതയുമൊക്കെ തന്നെയാണ്. കൂടാതെ അതും താണ്ടി കുഴിച്ചാൽ ഭൂമിക്കടിയിലെ മാഗ്മ, വാതകങ്ങൾ, ദ്രാവക ലോഹം എന്നിവ വലിയ മർദ്ദത്തിൽ ബോർഹോളിലൂടെ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുഴിക്കാൻ ഇറങ്ങുന്നതിന് മുൻപ് ഇവയെല്ലാം ഓർക്കുന്നത് നല്ലതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News