
ഒരു സിനിമയിലെ വില്ലൻ ആരാണെന്ന് അറിയണമെങ്കിൽ ചിലപ്പോൾ അവസാനം വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ മറ്റൊരു വഴി പറഞ്ഞു തരട്ടെ ? വില്ലനാണെങ്കില്‍ അയാൾ ഐഫോണ്‍ ഉപയോഗിക്കില്ല. എന്താ ഇത് എന്തൊക്കെയാ ഈ പറയുന്നത് എന്നാണോ ചിന്ത. സംഭവം സത്യമാണ്. ‘വില്ലന്മാരുടെ കയ്യില്‍ ഒരു ഐഫോണ്‍ കൊടുക്കാന്‍ ആപ്പിള്‍ അനുവദിക്കില്ല’ അതാണ് അവരുടെ പോളിസി.
സിനിമകളിലും ടെലിവിഷൻ സീരീസുകളിലും ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിള്‍ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കമ്പനി അനുമതി നൽകുന്നുണ്ട്. എന്നാൽ അതിന് ചില നിബന്ധനകൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തമായ വില്ലൻ കഥാപാത്രങ്ങളെ ഐഫോൺ ഉപയോഗിക്കുന്നതായി ചിത്രീകരിക്കരുതെന്ന വ്യവസ്ഥ.
ആപ്പിള്‍ അവരുടെ ഉൽപ്പന്നങ്ങൾ വിശ്വാസ്യത, ഗുണനിലവാരം, പോസിറ്റീവ് ഇമേജ് എന്നിവയുമായി ബന്ധിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നതാണ് ഈ വിചിത്രമായ നയത്തിന് പിന്നിലെ കാരണം. വില്ലൻ കഥാപാത്രങ്ങൾ ഐഫോൺ ഉപയോഗിക്കുന്നത് ബ്രാൻഡിന്റെ പ്രതിച്ഛായയ്ക്ക് ദോഷം വരുത്തുമെന്ന ആശങ്കയാണ് അവരുടെ നയത്തിന് അടിസ്ഥാനം.
ഈ നയം സിനിമ കാണുന്നവർക്കിടയിൽ ‘സ്പോയിലർ’ ആകുന്നതായും ചർച്ചയുണ്ട്. ചില സംവിധായകർ തുറന്നുപറഞ്ഞത്, സിനിമയിൽ ആരാണ് വില്ലൻ എന്ന് മനസ്സിലാക്കാൻ ചില പ്രേക്ഷകർ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിലേക്ക് പോലും ശ്രദ്ധ തിരിക്കുന്നുണ്ടെന്നാണ്.
എന്നാൽ എല്ലാ സിനിമകളിലും ഈ നയം ബാധകമല്ല. ആപ്പിളിന്റെ ഔദ്യോഗിക അനുമതിയോടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന സിനിമകളിൽ മാത്രമാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നത്. ചില സിനിമകളിൽ അവസാനം മാത്രം വില്ലൻ ആണെന്ന് വെളിപ്പെടുന്ന കഥാപാത്രങ്ങൾ ഐഫോൺ ഉപയോഗിക്കുന്നതായും കാണാം.
സിനിമയിലെ ചെറുതായി തോന്നുന്ന ഇത്തരം വിശദാംശങ്ങൾ പോലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന കാലത്താണ്, ഒരു മൊബൈൽ ഫോൺ പോലും കഥയുടെ ദിശ സൂചിപ്പിക്കുന്ന ഘടകമായി മാറുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


