
ഞങ്ങൾക്ക് കേരളത്തെ പോലെയാകണമെന്നും കേരളം എല്ലാക്കാര്യത്തിലും ബിഹാറിന് മാതൃകയാണെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. എൽഡിഎഫ് ജയിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാർ പലകാര്യത്തിലും പിന്നിലാണ്. ആരോഗ്യ – വിദ്യാഭ്യാസ മേഖലയിൽ വളരെ പിന്നിലാണ് ബിഹാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എൽ ഡി എഫ് ജയിക്കാനാണ് താൻ മൂവായിരം കിലോമീറ്റർ സഞ്ചരിച്ച് കേരളത്തിലേക്ക് വന്നത്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് താൻ ബിഹാറിലെ നിരവധി വേദികളിൽ സംസാരിക്കാറുണ്ട്. പിണറായി വിജയൻ ഏറ്റവും സമർത്ഥനായ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് കേരളത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കി മാറ്റാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കീഴിൽ കേരളം ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. കേരളത്തിൻ്റെ ന്യായമായ സാമ്പത്തിക ആവശ്യങ്ങൾ പോലും കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ALSO READ: എന്നും സ്ത്രീപക്ഷത്ത്; എൽഡിഎഫ് പ്രകടനപത്രികയിലെ സ്ത്രീനീതിയിലുറച്ച വികസന പദ്ധതികൾ
കേന്ദ്രം കേരളത്തോട് കാണിക്കുന്ന പരിമിതികൾക്കിടയിലും കേരളത്തെ ഉയരത്തിൽ എത്തിക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. കേരളത്തിലേക്ക് താൻ പോവുകയാണ് പറഞ്ഞപ്പോൾ, പിതാവ് ലാലു പ്രസാദ് യാദവ് കേരളത്തിലെ എല്ലാ എൽഡിഎഫ് പ്രവർത്തകരോടും അഭിവാദ്യം പറയാൻ ഏൽപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ധാരാളം വ്യാജ പ്രചാരണങ്ങൾ കേരളത്തിനകത്തും പുറത്തും നടത്തുന്നുണ്ട്. മുഹമ്മദ് റിയാസ് DYFIയുടെ അഖിലേന്ത്യാ പ്രസിഡന്റായ സമയത്ത് പൗരാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ വിവേകശാലികളാണ്. അതുകൊണ്ട് ജനങ്ങൾ എൽഡിഎഫിനെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പാണ്. ഇനി താൻ കേരളത്തിലേക്ക് വരുക എൽഡിഎഫ് സർക്കാറിൻ്റെ സത്യപ്രതിജ്ഞ വേദിയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




