
തെലങ്കാനയിൽ തുരങ്കം തകർന്നതിനെത്തുടർന്ന് 16 ദിവസത്തെ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ ഒരു മൃതദേഹം കണ്ടെടുത്തു. ഒരു യന്ത്രത്തിനുള്ളിൽ കുടുങ്ങിയ നിലയിൽ ഒരു കൈപ്പത്തി മാത്രം കാണാവുന്ന നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന മൃതദേഹം പുറത്തെടുക്കാൻ യന്ത്രം പൊളിക്കാനുള്ള ശ്രമം തുടരുകയാണ്.
ശ്രീശൈലം ഇടതുകര കനാൽ (എസ്‌എൽബിസി) പദ്ധതി തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ഫെബ്രുവരി 22 മുതൽ എട്ട് പേർ അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. എൻഡിആർഎഫ്, ഇന്ത്യൻ ആർമി, നാവികസേന, മറ്റ് ഏജൻസികൾ എന്നിവയിലെ വിദഗ്ധർ അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ അക്ഷീണം പരിശ്രമിക്കുന്നുണ്ട്.
ALSO READ: ഗൂഡലൂരിൽ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 പേർക്ക് പരുക്ക്
ഞായറാഴ്ച രക്ഷാപ്രവർത്തനം പതിനാറാം ദിവസത്തിലേക്ക് കടന്നപ്പോൾ കേരള പൊലീസിന്റെ കഡാവർ നായ്ക്കളാണു തുരങ്കത്തിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. ദേശീയ ദുരന്തനിവരാണ അതോറിറ്റിയുടെ അഭ്യർഥനപ്രകാരം കഴിഞ്ഞ ദിവസമാണു കഡാവർ നായ്ക്കളെ വിട്ടുകൊടുത്തത്. കഡാവർ നായ്ക്കൾ മനുഷ്യശരീരത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞതായി തെലങ്കാന മന്ത്രി ഉത്തംകുമാർ റെഡ്ഡി പറഞ്ഞിരുന്നു.
അതേസമയം, ഭാഗികമായി തകർന്ന തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മാർച്ച് 11 മുതൽ റോബോട്ടുകളെ വിന്യസിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. തുരങ്കത്തിനുള്ളിലെ വെള്ളവും ചെളിയും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ രക്ഷാപ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തുന്നതിനാലാണ് ഈ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

