
തെലങ്കാനയിലുണ്ടായ ടണല്‍ ദുരന്തത്തില്‍ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. മെഷീനില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൈകള്‍ മാത്രമാണ് പുറത്തുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകരാണ് തുരങ്കത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിലെ ടണല്‍ ഫെബ്രുവരി 22നാണ് തകര്‍ന്ന് വീണത്. എട്ട് തൊഴിലാളികളാണ് ടണലില്‍ കുടുങ്ങിയത്. മെഷീന്‍ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
കേരളത്തില്‍ നിന്നെത്തിച്ച കഡാവര്‍ ഡോഗുകളാണ് തുരങ്കത്തിനുള്ളിലെ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനം പതിനേഴാം ദിനത്തിലെത്തുമ്പോളാണ് കേരളത്തില്‍ നിന്നും കഡാവര്‍ ഡോഗുകളെ എസ്എല്‍ബിസി ടണലില്‍ വിന്യസിച്ചത്. കഡാവര്‍ ഡോഗുകള്‍ അവശിഷ്ടങ്ങളുടെ ഗന്ധം കൃത്യമായി മനസിലാക്കിയതാണ് നിര്‍ണായകമായതെന്ന് തെലങ്കാന ഇറിഗേഷന്‍ ആന്‍ഡ് സിവില്‍ സപ്ലൈസ് മന്ത്രി ഉത്തം കുമാര്‍ റെഡ്ഢി പറഞ്ഞു. മൂന്നുപേരോളം ഇവ ഗന്ധം പിടിച്ചെത്തിയ സ്ഥലത്ത് കുടുങ്ങിയതായാണ് നിഗമനം. ടണലില്‍ കുടുങ്ങി പോയ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുടുങ്ങിപ്പോയ തൊഴിലാളികളെ കണ്ടെത്താന്‍ റോബോട്ടിക് ടെക്‌നോളജിയും ഉപയോഗിക്കുമെന്ന് തെലങ്കാന വ്യക്തമാക്കിയിട്ടുണ്ട്. പതിനാല് കിലോമീറ്ററോളം നീളുന്ന ടണലിലെ അവസാന ഭാഗത്തുണ്ടായ അപകടത്തെ നേരിടാന്‍ സര്‍ക്കാര്‍ ഏറ്റവും സാധ്യമായ സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here