പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരം; 2023ലെ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കെ കുഞ്ഞികൃഷ്ണന്

മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് കെ. കുഞ്ഞികൃഷ്ണനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2023ലെ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുന്‍വര്‍ഷത്തെ ടി.വി ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവ് ബൈജു ചന്ദ്രന്‍ ചെയര്‍മാനും ടെലിവിഷന്‍ പ്രോഗ്രാം / ഡോക്യുമെന്ററി സംവിധായകരായ ഡയാന സില്‍വസ്റ്റര്‍, മോഹന്‍കുമാര്‍ കല്ലായില്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ALSO READ: പവര്‍ കട്ടാണെന്ന് താമസക്കാര്‍ പരാതി പറഞ്ഞു, സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളുകളെ തല്ലി ചതച്ചു, സംഭവം യുപിയില്‍

മലയാള ടെലിവിഷന്‍ സംപ്രേഷണത്തിന് അടിത്തറ പാകിയ വ്യക്തിയാണ് കെ. കുഞ്ഞികൃഷ്ണന്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു. 1977 മുതല്‍ 2005 വരെയുള്ള മൂന്നു പതിറ്റാണ്ടുകാലം ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ സാങ്കേതികവും സര്‍ഗാത്മകവുമായ വളര്‍ച്ചയ്ക്കുവേണ്ടി അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ കല്‍ക്കത്ത ദൂരദര്‍ശനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ച കെ. കുഞ്ഞികൃഷ്ണന്‍, മദ്രാസ് ദൂരദര്‍ശന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കെ, മദ്രാസില്‍നിന്നുള്ള മലയാള സംപ്രേഷണത്തിന്റെ ചുമതല വഹിച്ചു. 1984ല്‍ തിരുവനന്തപുരം ദൂരദര്‍ശന്റെ പ്രഥമ ഡയറക്ടര്‍ എന്ന നിലയില്‍, ദൃശ്യമാധ്യമപ്രവര്‍ത്തനരംഗത്തെ പ്രതിഭാധനരുടെ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. 1985 ജനുവരി ഒന്നിന് മലയാളമണ്ണില്‍നിന്ന് ആരംഭിച്ച ടെലിവിഷന്‍ സംപ്രേഷണത്തിന് നേതൃത്വം നല്‍കി. 1987ല്‍ സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ ആയി തിരുവനന്തപുരം ദൂരദര്‍ശന്‍ സ്റ്റുഡിയോയെ മാറ്റിയെടുക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ചു.

1990കളുടെ തുടക്കത്തില്‍ സ്വകാര്യ ചാനലുകളുടെ വ്യാപനം സൃഷ്ടിച്ച വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്, ദൂരദര്‍ശനെ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചു. ദേശീയതലത്തില്‍ ദൂരദര്‍ശന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പദവിയില്‍ എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിച്ചുകൊണ്ട് 2005ല്‍ വിരമിച്ച അദ്ദേഹം, ടെലിവിഷനും സമൂഹവും, ടെലിവിഷന്‍: വീക്ഷണം വിശകലനം എന്നീ പഠനഗ്രന്ഥങ്ങള്‍, 2018ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ച ‘പ്രളയകാലത്തെ മലയാള ടെലിവിഷന്‍’ എന്ന ലേഖനം തുടങ്ങിയ രചനകളിലൂടെ ഈ മാധ്യമത്തെ അക്കാദമികമായി സ്ഥാനപ്പെടുത്തുന്നതിലും സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി ജൂറി വിലയിരുത്തി.

ALSO READ: ഡിജിറ്റൽ സർവെ കോൺക്ലേവ് ഡെലിഗേറ്റ് സെഷനുകൾക്ക് സമാപനം

പയ്യന്നൂര്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കെ.കുഞ്ഞികൃഷ്ണന്‍ ഐ.സി.എ.ആറില്‍ അസിസ്റ്റന്റ് എഡിറ്ററായും കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ സയന്റിഫിക് ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചതിനുശേഷമാണ് ദൂരദര്‍ശനില്‍ എത്തിയത്. ഡെസ്മണ്ട് മോറിസിന്റെ നഗ്നവാനരന്‍, നഗ്നനാരി, ജാപ്പനീസ് നോവലായ താക്കോല്‍, ജംഗിള്‍ ബുക്കിന്റെ പുനരാഖ്യാനമായ കാട്ടിലെ കഥകള്‍ തുടങ്ങി വിശ്വപ്രസിദ്ധമായ പല കൃതികളും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News